പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടുവെന്നും സൈനിക നടപടികൾ തുടരുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയെ തകർച്ചയിലേക്ക് തള്ളിവിട്ടത്.
വ്യാപാരത്തിന്റെ അവസാന അരമണിക്കൂറിൽ മാത്രം ആയിരത്തിലേറെ പോയിന്റാണ് സെൻസെക്സിൽ ചോർന്നത്. കനത്ത വിൽപ്പന സമ്മർദ്ദത്തെത്തുടർന്ന് ബിഎസ്ഇയിലെ നിക്ഷേപകരുടെ ആകെ സമ്പത്തിൽ നിന്ന് 10 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
സെൻസെക്സ് 1677.12 പോയിന്റ് അഥവാ 2.15 ശതമാനം ഇടിഞ്ഞ് 76,503.60 എന്ന നിലയിലാണുള്ളത്. നിഫ്റ്റി 516.65 പോയിന്റ് അഥവാ 2.12 ശതമാനം താഴ്ന്ന് 23,882.05 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
സൂചികയിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ക്രൂഡോയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം വിപണിക്ക് തിരിച്ചടിയായി.
ഇൻഡിഗോ ഓഹരികൾ 5.02 ശതമാനം ഇടിഞ്ഞു. മാരുതി (-4.11%), ഹിന്ദുസ്ഥാൻ യൂണിലിവർ (-3.36%), ബജാജ് ഫിനാൻസ് (-3.07%), കൊട്ടക് ബാങ്ക് (-2.93%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-2.85%), ഐടിസി (-2.82%) എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ട
മറ്റ് ഓഹരികൾ. ഹോർമുസ് പ്രതിസന്ധിയും യുഎസ് തിരിച്ചടിയും ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളാണ് മേഖലയിൽ സംഘർഷം പടർത്തിയത്.
ഇതിനു പിന്നാലെ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധ ഇളവ് യുഎസ് റദ്ദാക്കി. ഇറാനിലെ എയർ ഡിഫൻസ് സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമാക്കി യുഎസ് കനത്ത തിരിച്ചടി നൽകി.
ഖത്തറിന്റെ എൽഎൻജി ടാങ്കർ, സൗദി ഓയിൽ ടാങ്കർ, ലൈബീരിയൻ പതാകയുള്ള മറ്റൊരു ടാങ്കർ എന്നിവയ്ക്കുനേരെ ഇറാൻ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനോടകം സൗദി ഓയിൽ ടാങ്കറായ ‘വെഡിയൻ’ ആക്രമിക്കപ്പെട്ട
സംഭവത്തെ ഖത്തർ ഔദ്യോഗികമായി അപലപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ഡോണൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
‘‘ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഞാനവരോട് (ഇറാനോട്) പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു.
ഇന്നലെ രാത്രി ഞങ്ങൾ അവരെ അതിശക്തമായി ആക്രമിച്ചു. അവർക്ക് ഭ്രാന്താണ്.
ശരിക്കും അവർക്ക് എന്തോ പ്രശ്നമുണ്ട്. കീടങ്ങൾ, ഭ്രാന്തന്മാർ’’ എന്നും ‘‘ഞങ്ങൾക്ക് അവരെ ഇഷ്ടമല്ല.
എനിക്കും ഇഷ്ടമല്ല. ഹീനന്മാർ.
അവർ എല്ലാവരെയും ആക്രമിക്കാൻ ശ്രമിക്കുന്നു. എന്നെയും ആക്രമിച്ചേക്കാം.
ഇറാന്റെ ന്യൂക്ലിയർ ശക്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഞങ്ങളത് ചെയ്യും’’ എന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള വിപണിയിൽ പ്രത്യാഘാതങ്ങൾ ഇറാൻ-യുഎസ് സംഘർഷം ക്രൂഡോയിൽ വിലയെ അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഉയർത്തി. യുഎസ് ക്രൂഡ് വില 5.48 ശതമാനം ഉയർന്ന് 74.30 ഡോളറിലും ബ്രെന്റ് ക്രൂഡ് 5.70 ശതമാനം ഉയർന്ന് 79.39 ഡോളറിലുമെത്തി.
ഇത് ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പലിശ നിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ നിർബന്ധിതരായേക്കും.
ഇതിനിടെ നാറ്റോ സഖ്യവുമായും സ്പെയിനുമായും ട്രംപ് ഉടക്കിലായിട്ടുണ്ട്. ഗ്രീൻലൻഡ് വിഷയത്തിൽ നാറ്റോയുടെ നിലപാടിനെ വിമർശിച്ച അദ്ദേഹം, സ്പെയിനിനെതിരെ വ്യാപാര ഉപരോധത്തിനും സാധ്യത തെളിയുന്നു.
ലോക സമ്പദ്വ്യവസ്ഥയെ തന്നെ അനിശ്ചിതത്വത്തിലാക്കുന്ന ഈ സംഭവവികാസങ്ങൾ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നു. (Disclaimer: ഈ ലേഖനം ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള ഉപദേശമല്ല.
നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് വിദഗ്ധോപദേശം തേടുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

