രാജസ്ഥാനിലെ ജയ്പൂരിൽ സർക്കാർ ജോലി സ്വന്തമാക്കാനായി സ്വന്തം അമ്മയെ മകൾ കൊലപ്പെടുത്തി. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശർമ്മയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകളായ ആയുഷിയും ഗൂഢാലോചനയിൽ പങ്കാളികളായ ആറ് ബന്ധുക്കളും പോലീസ് പിടിയിലായി. കഴിഞ്ഞ ജൂലൈ 3-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ ഇടിപ്പിച്ചാണ് നീരജ് ശർമ്മയെ കൊലപ്പെടുത്തിയത്. ഈ ദാരുണമായ സംഭവം ഒരു അപകടമരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം.
എന്നാൽ, നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷ് പ്രകടിപ്പിച്ച സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകളും ബന്ധുക്കളും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ജയ്പൂരിലെ കോടതിയിൽ എൽഡി ക്ലാർക്കായിരുന്നു നീരജ് ശർമ്മ. ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ മരണശേഷം ആശ്രിത നിയമനത്തിലൂടെയാണ് അവർക്ക് ഈ ജോലി ലഭിച്ചത്.
എന്നാൽ, താൻ ജോലിയിൽ പ്രവേശിക്കണമെന്ന ആയുഷിയുടെ ആവശ്യം നീരജ് ശർമ്മ അംഗീകരിച്ചിരുന്നില്ല. ഈ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ തനിക്ക് ജോലി ലഭിക്കുമെന്നും കുടുംബസ്വത്ത് പൂർണ്ണമായും കൈക്കലാക്കാമെന്നുമാണ് ആയുഷി കണക്കുകൂട്ടിയത്. കൃത്യം നടപ്പിലാക്കുന്നതിനായി 7 ലക്ഷം രൂപയാണ് ആയുഷി ബന്ധുക്കൾക്ക് നൽകിയത്.
നിലവിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

