തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ നിർണ്ണായക തെളിവായ ബൈക്ക് കത്തിനശിപ്പിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളത്തെ ആൾതാമസമില്ലാത്ത ഒഴിഞ്ഞ പ്രദേശത്താണ് ഇന്നലെ ബൈക്ക് പൂർണ്ണമായും കത്തിനശിച്ച രീതിയിൽ കണ്ടെത്തിയത്.
കുഴിപ്പള്ളം സ്വദേശിയായ മനോജ് (22) എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഈ വാഹനം ശ്രദ്ധയിൽപ്പെട്ടത്. ബൈക്ക് അമിതമായി ശബ്ദമുണ്ടാക്കി ഓടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ മനോജിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
സംഭവത്തിൽ അയൽവാസിയായ ബിജു, മക്കളായ മിഥുൻ, അമ്പാടി, ഒപ്പം പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്ത് എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം.
അമ്പാടിയുടെ ബൈക്കിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് വാഹനം മനോജിന്റെ വീടിന് മുന്നിൽ വെക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് പെട്രോൾ എത്തിച്ച് ബൈക്കിൽ നിറച്ച ശേഷം വാഹനം ഇരപ്പിച്ച് ഓടിച്ചതാണ് അയൽവാസികൾ തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായത്.
ഈ തർക്കത്തിനിടെയാണ് മനോജിന് കുത്തേറ്റത്. പ്രതികൾക്ക് നേരെ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വെച്ച് കൈയേറ്റം നടന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. മനോജിന്റെ സുഹൃത്തുക്കൾ ആരെങ്കിലും പ്രതികളോടുള്ള പക മൂലം ബൈക്ക് കത്തിച്ചതാവാമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

