വയനാട് പ്രകൃതി ദുരന്തത്തിൽ ബാധിക്കപ്പെട്ട വിദ്യാർഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ അടക്കം പൂർണമായും സൗജന്യമായ ഉന്നത വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായി നടപ്പിലാക്കുന്ന ‘വിദ്യാമൃതം-6’ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഇത്തരത്തിലുള്ള സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും, മാതാപിതാക്കളെ നഷ്ടപ്പെട്ടവരും, മാരകരോഗങ്ങൾ ബാധിച്ച കുടുംബങ്ങളിൽ നിന്നുള്ളവരുമായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഡോ. ഗീവർഗീസ് യോഹന്നാൻ, ഫാ.
തോമസ് കുര്യൻ, ജൈനമ്മ യോഹന്നാൻ, എച്ച്.അഹിനാസ്, എൻ.ജയചന്ദ്രൻ, നിതിൻ ചിറത്തിലാട്ട് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഈ വർഷം 250 വിദ്യാർഥികൾക്കാണ് പദ്ധതി വഴി പ്രവേശനം ലഭിക്കുക.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എംജിഎം ഗ്രൂപ്പിന് കീഴിലുള്ള എൻജിനീയറിങ്, ഫാർമസി, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 100 ശതമാനം ട്യൂഷൻ ഫീസ് ഇളവോടെ പഠനം സാധ്യമാകും. എംജിഎം സിബിഎസ്ഇ സ്കൂളുകളിലും പ്രവേശനം നൽകുന്നുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക സഹായവും പരിഗണനയും ഈ പദ്ധതി ഉറപ്പാക്കുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി 994648 5111, 994648 4111 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

