കരിപ്പൂർ വിമാനത്താവള പരിസരത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ ആസൂത്രണം നടത്തിയ പതിമൂന്നംഗ ക്രിമിനൽ സംഘത്തെ പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പിടിയിലായവരിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരും കർണാടക സ്വദേശികളും ഉൾപ്പെടുന്നു. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സംഘത്തിലെ മൂന്നുപേർ പോലീസിനെ വെട്ടിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും, ഇവർക്കായി ശക്തമായ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
വാട്സാപ്പ് വഴിയായിരുന്നു ഇവരുടെ ആസൂത്രണം. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരനെ എങ്ങനെ പിന്തുടരണമെന്നും, എവിടെ വെച്ച് തട്ടിക്കൊണ്ടുപോകണമെന്നും വ്യക്തമാക്കുന്ന ചാറ്റുകൾ പോലീസിന് ലഭിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം വിമാനത്താവളത്തിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ, കരിപ്പൂർ വിമാനത്താവളത്തിൽ മറ്റൊരു പ്രവാസിയെ കാണാനില്ലെന്ന പരാതിയും പോലീസിന് ലഭിച്ചു.
ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെയാണ് കാണാതായത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണോ അതോ പിടിയിലായ സംഘവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകുമെന്ന് കരിപ്പൂർ പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

