ആലപ്പുഴ ജില്ലയിലെ കലവൂർ ഉയരപ്പാതയ്ക്ക് സമീപമുള്ള സർവീസ് റോഡ് പൂർണ്ണമായും വെള്ളക്കെട്ടിന്റെ പിടിയിൽ. കനത്ത മഴയെത്തുടർന്ന് മേൽപാലത്തിൽ നിന്നുള്ള ജലം മുഴുവൻ സർവീസ് റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. റോഡിലെ വെള്ളക്കെട്ടിൽ ചെമ്പല്ലി (കരികണ്ണി) ഉൾപ്പെടെയുള്ള മത്സ്യങ്ങൾ പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
റോഡിലെ വെള്ളക്കെട്ട് രൂക്ഷമായതോടെ ഇവിടുത്തെ പല വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട ഗതികേടിലാണ്.
ടാക്സി ഡ്രൈവർമാർ പലരും മറ്റ് ഉപജീവന മാർഗ്ഗങ്ങൾ തേടി ഇതിനകം തന്നെ മേഖല വിട്ടുപോയി. നിലവിൽ സർവീസ് റോഡിനോട് ചേർന്നുള്ള കടകളിലേക്ക് വെള്ളം കയറിത്തുടങ്ങിയത് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ആലപ്പുഴ–ചേർത്തല പാതയിൽ ഏറ്റവും കൂടുതൽ സർക്കാർ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന പ്രധാന ജംഗ്ഷനുകളിലൊന്നാണ് കലവൂർ. അതിനാൽ തന്നെ, അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ താൽക്കാലിക നടപടികളെങ്കിലും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ഏകസ്വരത്തിലുള്ള ആവശ്യം.
റോഡിലെ വെള്ളക്കെട്ടിൽ മത്സ്യം വളരുന്ന സാഹചര്യം കണ്ടെങ്കിലും അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പ്രശ്നപരിഹാരത്തിന് അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

