തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ വൻ ലഹരിവേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ടര കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി.
നെല്ലിമൂട് സ്വദേശികളായ അനന്തു, കിരൺ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം പൂവച്ചൽ ഭാഗത്തുനിന്ന് മാരുതി ആൾട്ടോ കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
കാട്ടാക്കട ചന്തയ്ക്ക് സമീപം വെച്ച് പ്രതികളുടെ വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സാഹസികമായി പിന്തുടർന്ന് ഇവരെ പിടികൂടിയത്. പ്രദേശത്ത് കഞ്ചാവ് വിൽപന വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കാട്ടാക്കടയ്ക്ക് സമീപമുള്ള ഒരു കേന്ദ്രത്തിൽ നിന്നാണ് ഇവർക്ക് ലഹരിവസ്തുക്കൾ കൈമാറിയതെന്ന് പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ചും സംഭവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
നാർക്കോട്ടിക് ഡിവൈ.എസ്പി അനിൽ നേതൃത്വം നൽകിയ ഡാൻസാഫ് സംഘവും കാട്ടാക്കട പോലീസ് സംഘവും സംയുക്തമായാണ് പ്രതികളെ വലയിലാക്കിയത്. തുടർന്ന്, കാട്ടാക്കട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

