തെലങ്കാനയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി രൂപീകരിച്ച ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെ (HYDRAA) പ്രവർത്തനങ്ങളെ സംബന്ധിച്ച് തെലങ്കാന മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത് അഡോൾഫ് ഹിറ്റ്ലർ ആണെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വെളിപ്പെടുത്തിയത്.
ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കാണ് ‘ഹൈഡ്ര’ എന്നും, അദ്ദേഹത്തിന്റെ കോർ ടീമിന് നൽകിയിരുന്ന പേരും ഇതായിരുന്നുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഈ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രേവന്ത് റെഡ്ഡിയുടെ പരാമർശം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് കേന്ദ്രമന്ത്രിയും സെക്കന്തരാബാദ് ബിജെപി എംപിയുമായ ജി.കിഷൻ റെഡ്ഡി പ്രതികരിച്ചു.
അടിയന്തരാവസ്ഥ കാലഘട്ടത്തെയും ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യ ഭരണത്തെയും ഓർമ്മിപ്പിക്കുന്ന രീതിയിൽ ജനങ്ങളെ അടിച്ചമർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി തെലങ്കാനയിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ രൂക്ഷമായ ഭാഷയിലാണ് കിഷൻ റെഡ്ഡി വിമർശനം ഉന്നയിച്ചത്. “ഹിറ്റ്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൈഡ്ര രൂപീകരിച്ചതെന്ന് റെവന്ത് റെഡ്ഡി തുറന്നു പറയുകയാണ്.
ഹൈദരാബാദിലെ പൊളിച്ചുനീക്കലുകളെ യുദ്ധബാധിത രാജ്യങ്ങളായ ഇറാനിലേയും ഇസ്രയേലിലെയും സാഹചര്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. ഇത് രാഹുൽ ഗാന്ധിയുടെ ഭാഷയെ അനുസ്മരിപ്പിക്കുന്നതാണ്’’– എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

