അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടനിൽ കനത്ത സുരക്ഷാ വീഴ്ചയെന്ന് സൂചിപ്പിക്കുന്ന സംഭവം പുറത്തുവന്നു. വൈറ്റ് ഹൗസിനു മുന്നിൽ തോക്കുകളും വെടിയുണ്ടകളുമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ യുഎസ് സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ‘ഉള്ളിൽനിന്ന് ആരോ നിർദേശിച്ചു’ എന്ന വിചിത്ര വാദവുമായാണ് റോണി യോർഡ്രിക്സ് ഗ്വാനിപ്പ ക്രിനോസ് എന്നയാൾ ആയുധങ്ങളുമായി വൈറ്റ് ഹൗസ് പരിസരത്ത് നിലയുറപ്പിച്ചത്. ഇയാളുടെ പക്കൽനിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ സംശയാസ്പദമായ രീതിയിൽ ഇരിക്കുകയായിരുന്ന യുവാവിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്ന് ഡിപാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് എത്തി ട്രംപിനെ വധിക്കാൻ തന്റെ തലയ്ക്കുള്ളിൽ നിരന്തരം ആരോ ആവശ്യപ്പെടുന്നതായി ഇയാൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. വാഹനത്തിൽ നിന്ന് വ്യത്യസ്തമായ മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളുമാണ് സുരക്ഷാ ഏജൻസി പിടിച്ചെടുത്തത്.
ട്രംപ് വീണ്ടും അധികാരമേറ്റെടുത്തതിന് ശേഷം അദ്ദേഹത്തിനും കുടുംബത്തിനും എതിരെ തുടർച്ചയായി ഉണ്ടാകുന്ന വധഭീഷണികളുടെ ഭാഗമായുള്ള ഏറ്റവും പുതിയ അറസ്റ്റാണിത്. വെനസ്വേലയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് പിടിയിലായ പ്രതിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു.
2024 മാർച്ചിൽ ടെക്സസ് വഴി ഇയാൾ യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കുകയായിരുന്നു. പ്രതി നിലവിൽ യുഎസ് മാർഷൽസ് സർവീസിന്റെ കസ്റ്റഡിയിലാണെന്ന് ഡിഎച്ച്എസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

