വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാമെന്ന വാഗ്ദാനത്തോടെ വികസിപ്പിച്ചെടുത്ത ദേശീയപാത 66 ആറുവരിപ്പാതയായി മാറിയെങ്കിലും, വാഹനങ്ങളുടെ യാത്രാവേഗത്തോടൊപ്പം അപകടഭീഷണിയും ആശങ്കളും വർധിച്ചുകൊണ്ടിരിക്കുകയാണ്. അശ്രദ്ധമായ ഡ്രൈവിങ് ശീലങ്ങളും നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും റോഡ് നിയമലംഘനങ്ങളും ഇത്തരം അപകടങ്ങൾക്ക് ആവർത്തിച്ചുള്ള കാരണങ്ങളാകുന്നുണ്ട്.
പ്രധാന പാതകൾ, സർവീസ് റോഡുകൾ, അടിപ്പാതകൾ, വിവിധ പാലങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അമിത വേഗതയിൽ വാഹനമോടിക്കുക, എതിർദിശയിലൂടെയുള്ള യാത്ര, അനധികൃത പാർക്കിങ്, ഡിവൈഡർ ചാടിക്കടന്നുള്ള റോഡ് മുറിച്ചുകടക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഉപ്പള, ഷിറിയ, മൊഗ്രാൽ തുടങ്ങിയ പ്രദേശങ്ങളിലെ വീതി കുറഞ്ഞ പഴയ പാലങ്ങളും, ഉപ്പള റെയിൽവേ ഗേറ്റിനു സമീപത്തെ നിരന്തരമായ അപകടങ്ങളും, ചെങ്കള നാലാംമൈൽ അടിപ്പാതയിലെ കാഴ്ചാപരിമിതിയും യാത്രാപ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. കൂടാതെ അണങ്കൂർ സർവീസ് റോഡിലെ ഗതാഗതക്കുരുക്കുകൾ, പെരിയ, മാവുങ്കാൽ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയും ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ഉപ്പള റെയിൽവേ ഗേറ്റിനു സമീപം തുടർച്ചയായി ഉണ്ടായ അപകടങ്ങൾ ദേശീയപാതയിലെ സുരക്ഷാ വീഴ്ചകളെ വീണ്ടും പൊതുചർച്ചകളിലേക്ക് എത്തിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് വാഹനാപകടങ്ങളാണ് ആ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടതിന് പിന്നാലെ സമാനമായ മറ്റ് അപകടങ്ങളും അവിടെ നടക്കുകയുണ്ടായി. നിർമാണത്തിലെ അപാകതകളാണ് ഈ അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
തലപ്പാടി മുതൽ ചെർക്കള വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി താമസകേന്ദ്രങ്ങളും കച്ചവട സ്ഥാപനങ്ങളും ബസ് സ്റ്റോപ്പുകളും പ്രവർത്തിക്കുന്നുണ്ട്.
ഇതുമൂലം കാൽനടയാത്രികർ ഡിവൈഡറുകൾ ചാടിക്കടന്നും വാഹനങ്ങൾക്കിടയിലൂടെയും റോഡ് കുറുകെ കടക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള അപകടങ്ങളിൽ നിരവധി ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞിട്ടുള്ളത്.
സർവീസ് റോഡുകളിലെ ഗതാഗത ക്രമീകരണങ്ങളും നിലവിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സർവീസ് റോഡിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ സഞ്ചരിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെങ്കിലും, പലപ്പോഴും തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങ് ഇവിടെ പതിവ് കാഴ്ചയാണ്.
നടപ്പാതകൾക്ക് നടുവിലായി സ്ഥാപിച്ചിരിക്കുന്ന വൈദ്യുതത്തൂണുകൾ കാൽനടയാത്രക്കാരുടെ യാത്ര ദുഷ്കരമാക്കുന്നുണ്ട്. പ്രധാന പാതയിലെ ഗതാഗതം കർശനമായി നിയന്ത്രിക്കപ്പെടുമ്പോഴും സർവീസ് റോഡുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കഴിയാത്തത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.
പുതിയ സ്റ്റാൻഡ് മുതൽ നായന്മാർമൂല വരെയുള്ള സർവീസ് റോഡ് വൺവേ സംവിധാനത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ട്. സർവീസ് റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും തിരികെ ഇറങ്ങുന്നതുമായ വഴികൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് പലപ്പോഴും വലിയ വാക്കുതർക്കങ്ങൾക്ക് കാരണമാകാറുണ്ട്.
മുൻകാലങ്ങളിൽ ഈ ഭാഗങ്ങളിൽ കർശനമായ ട്രാഫിക് പൊലീസ് പരിശോധനകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവയൊന്നും കാര്യമായി നടക്കുന്നില്ല. ദേശീയപാതയിലെ മൂന്ന് ലേണുകൾ ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് ഇന്നും പല ഡ്രൈവർമാർക്കും കൃത്യമായ ധാരണയില്ലെന്ന് ഈ പാതയിലൂടെ സഞ്ചരിച്ചാൽ വ്യക്തമാകും.
ഭാരവാഹനങ്ങളും വേഗത കുറഞ്ഞ വാഹനങ്ങളുമാണ് സർവീസ് റോഡിനോട് ചേർന്നുള്ള ഒന്നാം ലെയ്ൻ ഉപയോഗിക്കേണ്ടത്. എന്നാൽ പലപ്പോഴും ഭാരവാഹനങ്ങൾ രണ്ട്, മൂന്ന് ലെയ്നുകളിലൂടെയാണ് സർവീസ് നടത്തുന്നത്.
ഇത്തരം നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാൻ വകുപ്പുകളുണ്ടെന്ന കാര്യം പല ഡ്രൈവർമാരും അറിയുന്നില്ല. വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് രണ്ടാം ലെയ്ൻ ഉപയോഗിക്കാവുന്നതാണ്.
അത്യാഹിത സർവീസുകളായ ആംബുലൻസുകൾ, അഗ്നിരക്ഷാസേന, പൊലീസ് വാഹനങ്ങൾ എന്നിവയ്ക്ക് അതിവേഗത്തിൽ സഞ്ചരിക്കാൻ ഉപയോഗിക്കാനുള്ളതാണ് മൂന്നാമത്തെ ലെയ്ൻ. ഇത് ഓവർടേക്കിങ്ങിനായി മാത്രം ഉപയോഗിക്കേണ്ടതാണ്.
മുന്നിലെ വാഹനത്തെ മറി കടന്ന ഉടൻ തന്നെ മൂന്നാം ലെയ്നിൽ തുടരാതെ തിരികെ രണ്ടാം ലെയ്നിലേക്ക് മാറേണ്ടതുണ്ട്. എന്നാൽ ഈ നിയമങ്ങളൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല.
ദേശീയപാതയിലെ ഈ സുരക്ഷാ പ്രശ്നങ്ങൾ കാസർകോട് ജില്ലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. കേരളത്തിലെ ദേശീയപാതകളിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററും ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിവേഗ പാതകളിലെ പുതിയ യാത്രാരീതിയോട് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഇനിയും പൂർണ്ണമായി പൊരുത്തപ്പെട്ടിട്ടില്ലെന്നതും, റോഡിന്റെ രൂപകൽപനയിലുള്ള പോരായ്മകളുമാണ് അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. അപകടങ്ങളുടെ എണ്ണവും മരണനിരക്കും കൃത്യമായി വിലയിരുത്തി അപകടസാധ്യതയേറിയ മേഖലകൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്.
ദേശീയപാത അതോറിറ്റി, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായി അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. അനധികൃത പാർക്കിങ്ങും ദേശീയപാത നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധിയാണ്.
ഭാരവാഹനങ്ങൾ രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ റോഡരികിൽ നിർത്തിയിടുന്നത് മറ്റ് വാഹനയാത്രികർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പടന്നക്കാട്ട് രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കി പിന്നിൽ ബൈക്ക് ഇടിച്ചുകയറിയാണ്.
ലോറികൾ യാതൊരു മുൻകരുതലുമില്ലാതെ നിർത്തിയിടുന്നതും സൂചനാ ലൈറ്റുകൾ പ്രവർത്തിപ്പിക്കാത്തതും പതിവാണ്. കാഞ്ഞങ്ങാട് സൗത്തിൽ ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ചു മറ്റൊരു യുവാവ് ജീവൻ വെടിഞ്ഞത് രണ്ടു മാസം മുൻപാണ്.
ആവശ്യമായ മുന്നറിയിപ്പ് ലൈറ്റുകൾ ഇല്ലാത്തതിനാൽ വാഹനം വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് നിർത്തിയിട്ടിരിക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപെടുന്നത്. വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടും അതിനനുസൃതമായ പാർക്കിങ് സംവിധാനങ്ങളോ രാത്രികാല പട്രോളിങ്ങோ മുന്നറിയിപ്പ് ബോർഡുകളോ ശക്തമായ നിരീക്ഷണമോ ഏർപ്പെടുത്തിയിട്ടില്ലെന്ന പരാതി വ്യാപകമാണ്.
റോഡരികിലും സർവീസ് റോഡുകളിലും യാതൊരുനിയന്ത്രണവുമില്ലാതെ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതത്തിരക്ക് കൂട്ടുന്നതിനൊപ്പം മറ്റു വാഹനങ്ങൾക്ക് കാഴ്ചാതടസ്സവും സൃഷ്ടിക്കുന്നു. അമിതവേഗം, ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അശ്രദ്ധമായ ലെയ്ൻ മാറ്റം, അനധികൃത യു-ടേണുകൾ എന്നിവയും അപകടസാധ്യത ഇരട്ടിയാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

