ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഷമിക്കും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടീസ് അയച്ചു. കൂടുതൽ ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്.
നിലവിൽ ലഭിക്കുന്ന തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. നേരത്തെ കൊൽക്കത്ത ഹൈക്കോടതി പ്രതിമാസം 1.5 ലക്ഷം രൂപ ജീവനാംശവും മകളുടെ സംരക്ഷണത്തിനായി 2.5 ലക്ഷം രൂപയും നൽകാൻ ഉത്തരവിട്ടിരുന്നു.
ഈ വിധിക്കെതിരെയാണ് ഹസിൻ അപ്പീൽ നൽകിയത്. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി ഇരുകക്ഷികളോടും നിർദേശിച്ചിട്ടുണ്ട്.
നേരത്തെ അനുവദിച്ച ജീവനാംശം കുറവല്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. എന്നാൽ, ഷമിയുടെ വരുമാനവും ജീവിത സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ ഈ തുക മതിയാവില്ലെന്നും ജീവനാംശം വർദ്ധിപ്പിക്കണമെന്നും ഹസിന്റെ അഭിഭാഷകൻ വാദിച്ചു.
കോടതിയുടെ വ്യക്തമായ നിർദ്ദേശമുണ്ടായിട്ടും ഷമി മാസങ്ങളായി പണം നൽകുന്നതിൽ വീഴ്ച വരുത്തിയതായും ഹർജിയിൽ ആരോപിക്കുന്നു. പിതാവിന്റേതിന് തുല്യമായ ജീവിതനിലവാരം മകൾക്കും അവകാശപ്പെട്ടതാണെന്നും ഹർജിയിൽ പറയുന്നു.
കേസ് ഡിസംബറിൽ വീണ്ടും പരിഗണിക്കും. അതേസമയം, മുഹമ്മദ് ഷമിക്കെതിരെ ഹസിൻ ജഹാൻ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സ്വന്തം മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെ, ഷമി കാമുകിയുടെ മകൾക്കും കുടുംബത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ഹസിൻ ആരോപിച്ചു. കോടീശ്വരനായിട്ടും ഷമി തങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഹസിൻ കുറ്റപ്പെടുത്തി.
കാമുകിക്കും അവരുടെ മകൾക്കുമായി ബിസിനസ് ക്ലാസിൽ വിമാന ടിക്കറ്റുകൾ എടുത്ത് നൽകുന്ന ഷമി, സ്വന്തം മകളെ അവഗണിക്കുകയാണെന്നും ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. 2014-ലായിരുന്നു മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്.
2015-ൽ ഇവർക്ക് ഒരു മകൾ ജനിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ ശേഷം, ഹസിൻ പലതവണ ഷമിക്കെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

