കൊച്ചി: മോഷണശ്രമത്തിനിടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എബിൻ ടോമി (28) എന്നയാളെയാണ് കരുതൽ തടങ്കൽ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
കോതമംഗലം ഇരമല്ലൂർ ചിറപ്പടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ താമസിക്കുന്നയാളാണ് പ്രതി. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരുമ്പാവൂർ കാരാട്ട് പള്ളിക്കര ഭാഗത്ത് ആളില്ലാത്ത ഒരു വീട്ടിൽ മോഷണത്തിനായി പ്രവേശിച്ചതായിരുന്നു ഇയാൾ. ഇതിനിടയിൽ വീട്ടിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സ്ത്രീയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് പ്രതിക്കെതിരെ ഔദ്യോഗികമായി കേസെടുത്തിരുന്നു. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ പ്രിയങ്ക ജി ഇയാൾക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
കോതമംഗലം, പെരുമ്പാവൂർ, വാഴക്കുളം, കോടനാട്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം പൂവാർ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് എബിൻ ടോമി. കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ പി ജെ കുര്യാക്കോസ്, കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എച്ച് ഹാഷിം, അസി.
സബ്ബ് ഇൻസ്പെക്ടർ ഷിജു കെ വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ എൻ പ്രവീൺ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് മാത്യു, എം എം അജ്മൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി നിയമനടപടികൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

