തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ കര്‍ശനമായ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ 2010ലെയും 2020ലെയും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
ജലസ്രോതസ്സുകളുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ തന്നെ പരിസ്ഥിതി സൗഹൃദപരമായ സമീപനം സ്വീകരിക്കണമെന്ന് ബോർഡ് വ്യക്തമാക്കി.
വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിൽ നിർമ്മിച്ചവയായിരിക്കണം. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയ പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വിഗ്രഹങ്ങൾ നിമജ്ജനത്തിന് ഉപയോഗിക്കാൻ പാടില്ല.
രാസപെയ്ന്റുകൾ പൂര്‍ണ്ണമായി ഒഴിവാക്കി പ്രകൃതിദത്തവും ദോഷരഹിതവുമായ നിറങ്ങൾ മാത്രം ഉപയോഗിക്കണം. കൂടാതെ, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിന് ഉപയോഗിക്കുന്നതാണ് ഉചിതം.
നിമജ്ജന ചടങ്ങുകൾക്ക് മുന്നോടിയായി വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരിക്കുന്ന വസ്ത്രങ്ങൾ, മാലകൾ, പൂക്കൾ, ഇലകൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ പൂർണ്ണമായി നീക്കം ചെയ്യണം. ഇവ ജലസ്രോതസ്സുകളിൽ എത്താത്തവിധം പ്രത്യേകം ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മലിനീകരണം പൂർണ്ണമായി ഒഴിവാക്കി പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ വേണം ആഘോഷങ്ങൾ സംഘടിപ്പിക്കാന്‍. കിണർ, തടാകം, നദി തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിൽ വിഗ്രഹ നിമജ്ജനം നടത്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പകരം, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ഒരുക്കുന്ന കൃത്രിമ കുളങ്ങൾ മാത്രം ഇതിനായി ഉപയോഗിക്കേണ്ടതാണ്.
ഉത്സവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം. അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും തടയുന്നതിന്റെ ഭാഗമായി വലിയ ശബ്ദമുണ്ടാക്കുന്നതും അമിതമായി പുക പുറന്തള്ളുന്നതുമായ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
കൂടാതെ, രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഉച്ചഭാഷിണികളുടെ ഉപയോഗം പാടില്ലെന്നും ബോർഡ് കർശനമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

