ദശാബ്ദങ്ങളായി യാത്രാക്ലേശം നേരിടുന്ന തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തോട് റെയിൽവേയുടെ നിഷേധാത്മക സമീപനം. സ്റ്റോപ്പില്ലാത്ത ട്രെയിനുകൾക്ക് സ്റ്റോപ്പുള്ളതായി രേഖപ്പെടുത്തി സതേൺ റെയിൽവേ ജനറൽ മാനേജർ നൽകിയ മറുപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
രാജ്മോഹൻ ഉണ്ണിത്താൻ എംപി നൽകിയ ഔദ്യോഗിക കത്തിനാണ് സതേൺ റെയിൽവേ ജനറൽ മാനേജർ യു. സുബ്ബറാവു വിചിത്രമായ മറുപടി നൽകിയത്.
ചെന്നൈ എഗ്മോർ–മംഗളൂരു സെൻട്രൽ എക്സ്പ്രസ്, എസ്ബിസി ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് എന്നീ രണ്ട് പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ തൃക്കരിപ്പൂർ സ്റ്റേഷനിൽ ഏഴ് മെയിൽ–എക്സ്പ്രസ് വണ്ടികളും മൂന്ന് പാസഞ്ചർ വണ്ടികളും നിലവിൽ നിർത്തിയിടുന്നുണ്ടെന്ന തെറ്റായ അവകാശവാദമാണ് കത്തിലുള്ളത്.
എന്നാൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് എന്നിവയും കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മൂന്ന് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് യഥാർത്ഥത്തിൽ ഇവിടെ നിർത്തുന്നത്. വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന സ്റ്റേഷനെതിരെ റെയിൽവേ ബോർഡിന്റെ ടിക്കറ്റ് വിൽപന നിബന്ധനകൾ ചൂണ്ടിക്കാണിച്ചാണ് പുതിയ സ്റ്റോപ്പുകൾ നിഷേധിച്ചിരിക്കുന്നത്.
കൂടാതെ, എഗ്മോർ, ബെംഗളൂരു ട്രെയിനുകൾ പയ്യന്നൂരിൽ നിർത്തുന്നുണ്ടെന്നും തൃക്കരിപ്പൂരിൽ നിന്ന് അവിടേക്ക് ആറ് കിലോമീറ്റർ ദൂരം മാത്രമാണുള്ളതെന്നുമുള്ള വിചിത്ര ന്യായമാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനെതിരെ യാത്രക്കാരും ജനപ്രതിനിധികളും കടുത്ത പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.
പയ്യന്നൂരിൽ സ്റ്റോപ്പില്ലാത്ത വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും ഇനി തങ്ങൾ സ്റ്റോപ്പ് ആവശ്യപ്പെടേണ്ടി വരുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ ചിറ്റമ്മ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അടിയന്തരമായി പിശകുകൾ തിരുത്തി ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തയ്യാറാകണമെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ സത്താർ വടക്കുമ്പാട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എച്ച്. അബ്ദുൽ റഹീം തുടങ്ങിയവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

