പ്രമുഖ അമേരിക്കൻ സ്പോർട്സ് ഫൂട്വെയർ, അപ്പാരൽ ബ്രാൻഡായ നൈക്കിയുടെ ഓഹരിവില സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. 12 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
കമ്പനിയുടെ വിപണിമൂല്യം 2021ലെ 264 ബില്യനിൽ നിന്ന് കുത്തനെ ഇടിഞ്ഞ് വെറും 57 ബില്യൻ ഡോളറായി ചുരുങ്ങിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം, കഴിഞ്ഞ 18 വർഷത്തിനുശേഷം ഇതാദ്യമായി എസ് ആൻഡ് പി100 സൂചികയിൽ നിന്നും നൈക്കിയെ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഈ വലിയ വീഴ്ചയ്ക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടെന്നാണ് വിപണി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും കമ്പനിയുടെ പാളിപ്പോയ വിപണനതന്ത്രങ്ങളാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
പരമ്പരാഗത റീട്ടെയ്ൽ പാർട്ണർമാരെ സജീവമായി ഒപ്പം നിർത്തുന്നതിന് പകരം, സ്വന്തം സ്റ്റോറുകൾ വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും മാത്രം ഉപഭോക്താക്കളിലേക്ക് എത്താനാണ് നൈക്കി ശ്രമിച്ചത്. ഉൽപന്നങ്ങളുടെ വിലയിലും പ്രദർശനത്തിലും കൂടുതൽ നിയന്ത്രണം സാധ്യമാക്കാനാണ് ഈ വഴി തിരഞ്ഞെടുത്തതെങ്കിലും, വിശ്വസ്തരായ റീട്ടെയ്ൽ പങ്കാളികളിൽ നിന്ന് അകന്നത് വിപണിയിൽ തിരിച്ചടിയായി.
ഇത് ഉപഭോക്താക്കളുടെ മുന്നിൽ ബ്രാൻഡിന്റെ കാഴ്ചയെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യം മുതലെടുത്ത് എതിരാളികളായ ഹോക്ക, ഓൺ തുടങ്ങിയ ബ്രാൻഡുകൾ മികച്ച സ്വീകാര്യത നേടിയെടുക്കുകയും തങ്ങളുടെ വിപണിവിഹിതം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തു.
കണക്കുകൾ പരിശോധിക്കുമ്പോൾ ഈ മാറ്റങ്ങൾ വ്യക്തമാകും. 2026 സാമ്പത്തിക വർഷത്തിൽ നൈക്കിയുടെ സ്വന്തം സ്റ്റോർ വരുമാനമായ ഡയറക്ട് റവന്യൂ 6 ശതമാനം കുറഞ്ഞ് 17.7 ബില്യൻ ഡോളറിലെത്തി.
ബ്രാൻഡിന്റെ ഡിജിറ്റൽ വരുമാനത്തിൽ 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ, കമ്പനി അത്രയധികം ശ്രദ്ധ കൊടുക്കാതിരുന്ന ഹോൾസെയിൽ വരുമാനം 6 ശതമാനം വർധിച്ച് 27.5 ബില്യൻ ഡോളറിലെത്തുകയാണുണ്ടായത്.
ഏറ്റവും വലിയ വിപണിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചൈനയിലെ കടുത്ത മത്സരവും വിൽപനയിലെ ഇടിവും കമ്പനിക്ക് വലിയ ആഘാതമായി മാറി. ചൈനയിൽ നൈക്കിയുടെ വരുമാനക്കണക്കുകൾ താഴെ പറയുന്ന വിധത്തിലാണ്:
∙ 2021 : 8.3 ബില്യൻ (+24%)
∙ 2022 : 7.5 ബില്യൻ (-9%)
∙ 2023 : 7.2 ബില്യൻ (-4%)
∙ 2024 : 7.5 ബില്യൻ (+4%)
∙ 2025 : 6.6 ബില്യൻ (-13%)
∙ 2026 : 5.8 ബില്യൻ (-11%)
ചൈനീസ് സ്പോർട്സ്വെയർ വിപണി ഓരോ വർഷവും വൻതോതിൽ വളർച്ച നേടുമ്പോഴാണ് നൈക്കിയുടെ വിൽപന താഴേക്ക് പതിച്ചതെന്നത് കമ്പനി നേരിടുന്ന വെല്ലുവിളിയുടെ ആഴം കൂട്ടുന്നു.
ചൈനീസ് വിപണിയുടെ പൊതുവായ വളർച്ചാ നിരക്ക് ഇങ്ങനെയായിരുന്നു:
∙ 2022 : 70.4 ബില്യൻ
∙ 2023 : 76.4 ബില്യൻ
∙ 2024 : 79.8 ബില്യൻ
∙ 2025 : 85 ബില്യൻ
അതേസമയം, ചൈനയിൽ തിരിച്ചടികൾ നേരിടുമ്പോഴും ഇന്ത്യയിൽ നൈക്കി ഉൽപന്നങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും, ഉൽപന്നങ്ങളുടെ ഉയർന്ന വില ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് ഇപ്പോഴും വലിയൊരു സമ്മർദ്ദമായി നിലനിൽക്കുന്നുണ്ട്.
സാധാരണക്കാർക്ക് ആയിരക്കണക്കിന് രൂപ മുടക്കിയാൽ മാത്രമേ നൈക്കി ഷൂസുകൾ സ്വന്തമാക്കാൻ സാധിക്കൂ. പ്രീമിയം വിഭാഗത്തിലുള്ള ഉൽപന്നങ്ങളുടെ വിലയാകട്ടെ 10,000 രൂപയ്ക്ക് മുകളിലാണ്.
അമേരിക്കൻ ഓഹരി വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ‘ബ്ലൂ-ചിപ്’ സൂചികകളിലൊന്നാണ് എസ് ആൻഡ് പി100.
വരും സെപ്റ്റംബർ 21ന് നൈക്കി ഈ പ്രമുഖ സൂചികയിൽ നിന്ന് പൂർണ്ണമായും പുറത്താകും. വിപണിമൂല്യത്തിലുണ്ടായ വൻ തകർച്ചയാണ് ഈ നടപടിയിലേക്ക് നയിച്ചത്.
നൈക്കിക്കൊപ്പം ഹണിവെൽ എയറോസ്പേസ്, സിമോൺ പ്രോപ്പർട്ടി ഗ്രൂപ്പ്, കോൾഗേറ്റ്-പാമോലീവ് എന്നീ കമ്പനികളും ഈ പട്ടികയിൽ നിന്ന് പുറത്തുപോകും. ഇവരുടെ ഒഴിവിലേക്ക് ഡെൽ ടെക്നോളജീസ്, പാലോ ഓൾട്ടോ നെറ്റ്വർക്ക്സ്, അരിസ്റ്റ നെറ്റ്വർക്ക്സ്, സാൻഡിസ്ക് എന്നീ കമ്പനികൾ പ്രവേശിക്കും.
വെള്ളിയാഴ്ച നടന്ന വ്യാപാരത്തിൽ നൈക്കിയുടെ ഓഹരി വില 38.40 ഡോളറിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.
കൂടാതെ, കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനിയുടെ ഓഹരിവിലയിൽ 76 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും, നൈക്കിയുടെ ഭാവി അത്രകണ്ട് ആശങ്കാജനകമാണെന്ന് വിപണി വിദഗ്ധർ കരുതുന്നില്ല.
മുൻകാലങ്ങളിൽ സംഭവിച്ച പാളിച്ചകൾ കൃത്യമായി മനസ്സിലാക്കി അവ പരിഹരിക്കാനുള്ള നടപടികൾ കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. റീട്ടെയ്ൽ പങ്കാളികളുമായുള്ള പരമ്പരാഗത സഹകരണം വീണ്ടും ഊർപ്പിലാക്കിയും ഹോൾസെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിച്ചും ശക്തമായ ഒരു തിരിച്ചുവരവ് നടത്താൻ പ്രമുഖ ബ്രാൻഡിന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

