തിരുവനന്തപുരം: തുടർച്ചയായ വയറുവേദനയെയും ഛർദ്ദിയെയും തുടർന്ന് നിംസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഒമ്പതുകാരിക്ക് അപൂർവ രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പ്രാഥമിക പരിശോധനകളിൽ കുട്ടിയുടെ കുടലിൽ ഗുരുതരമായ തടസം ഉള്ളതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ എൻഡോസ്കോപ്പി റിപ്പോർട്ട് കണ്ട് വീട്ടുകാർ ഞെട്ടിപ്പോയി. ആമാശയത്തിലും ചെറുകുടലിലുമായി വലിയൊരു തലമുടിക്കെട്ട് അടിഞ്ഞുകൂടിയിരിക്കുന്നതായി പരിശോധനയിൽ വ്യക്തമായി.
പിന്നാലെ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ആമാശയത്തിൽ നിന്നും ചെറുകുടലിൽ നിന്നും മുടിയുടെ കെട്ട് പൂർണമായും പുറത്തെടുത്തത്. ഈ അപൂർവ ശസ്ത്രക്രിയയിൽ കുട്ടിയുടെ വയറ്റിൽ നിന്ന് ഏതാണ്ട് ഒരു കിലോയോളം ഭാരമുള്ള തലമുടിക്കട്ടാണ് ഡോക്ടർമാർ നീക്കം ചെയ്തത്.
ലോകത്തിൽ നൂറിൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള “റപുൻസൽ സിൻഡ്രോം’ എന്ന അപൂർവവും സങ്കീർണവുമായ അസുഖമാണിതെന്ന് നിംസ് മെഡിസിറ്റിയിലെ ഡോക്ടർമാർ വ്യക്തമാക്കി. മാനസിക സമ്മർദ്ദവും ടെൻഷനും വരുമ്പോൾ കുട്ടികൾ മുടിയുടെ ഭാഗങ്ങൾ അറിയാതെ കടിച്ചെടുക്കുന്നതാണ് ഈ രോഗാവസ്ഥയുടെ പ്രധാന സ്വഭാവം.
ഇത്തരത്തിൽ അകത്താകുന്ന മുടി ആമാശയത്തിനുള്ളിൽ ചെന്ന് ചെറിയ കിളിക്കൂട് പോലെ രൂപംപ്രാപിച്ച് അടിഞ്ഞുകൂടുകയാണ് പതിവ്. നിംസ് മെഡിസിറ്റിയിലെ പിഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.
ബിജു ഐ.ജി. നായർ നേതൃത്വം നൽകിയ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ശസ്ത്രക്രിയയ്ക്കുശേഷം പെണ്കുട്ടി ആരോഗ്യനില വീണ്ടെടുത്ത് സുഖം പ്രാപിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

