ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ദ്വാരപാലകശിൽപ പാളികൾ വീണ്ടും സ്വർണംപൂശുന്നതിനായി ഇളക്കിമാറ്റിയ സംഭവത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ വർഷം ചിങ്ങമാസ പൂജകൾക്ക് ശേഷം നടയടച്ചതിന്റെ ഭാഗമായി സെപ്റ്റംബർ 7ന് രാത്രിയാണ് ഈ പാളികൾ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയത്.
ദേവസ്വം വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽത്തന്നെ 2019 ലെ ദേവസ്വം ബോർഡിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടന്ന ക്രമക്കേടുകൾ പുറത്തുവന്നിരുന്നു.
തുടർന്ന് ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, 2025 ഒക്ടോബർ 10ന് ആരംഭിച്ച എസ്ഐടി അന്വേഷണം 11 മാസം പിന്നിട്ടിട്ടും ഇതുവരെ പ്രാഥമിക കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവൻ പ്രതികളും ഇതിനോടകം ജാമ്യത്തിൽ പുറത്തിറങ്ങിക്കഴിഞ്ഞു. ഹൈക്കോടതിയുടെ ചുമതലയുള്ള ദേവസ്വം സ്പെഷൽ കമ്മിഷണറെ മുൻകൂട്ടി അറിയിക്കാതെയും, സന്നിധാനത്തു നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകരുതെന്ന കർശന ചട്ടങ്ങൾ ലംഘിച്ചുമാണ് ശിൽപപാളികൾ ചെന്നൈയിലേക്ക് കടത്തിയത്.
2019ലെ സ്വർണംപൂശൽ യജ്ഞത്തിന്റെ സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റി, താൻ സംഭാവന ചെയ്ത ദ്വാരപാലക ശിൽപത്തിന്റെ താങ്ങുപീഠം കാണാനില്ലെന്ന വെളിപ്പെടുത്തൽ നടത്തിയതോടെയാണ് കേസിൽ നിർണായക വഴിതിരിവുണ്ടായത്. ഈ വിഷയം അന്വേഷിക്കാൻ ഹൈക്കോടതി ദേവസ്വം വിജിലൻസിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ പോറ്റി കാണാതായെന്ന് അവകാശപ്പെട്ട താങ്ങുപീഠം അദ്ദേഹത്തിന്റെ സഹോദരിയുടെ വസതിയിൽ നിന്നുതന്നെ കണ്ടെടുത്തതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ നടന്നത് വലിയ തോതിലുള്ള സ്വർണക്കൊള്ളയാണെന്ന് വിജിലൻസിന്റെ തുടരന്വേഷണത്തിൽ വ്യക്തമായത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കും വഴിവെച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണത്തോടെയാണ് കേസിൽ അറസ്റ്റുകൾ ആരംഭിച്ചത്.
ദേവസ്വം ബോർഡ് ഭരണത്തിലുണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത് തിരഞ്ഞെടുപ്പ് വേളയിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി മാറി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശന നിരീക്ഷണത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചതെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നടപടികൾ മന്ദഗതിയിലായതും, തട്ടിപ്പ് നടന്ന കാലഘട്ടത്തിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന പി.കെ.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം വിമുഖത കാട്ടിയതും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ രൂക്ഷ വിമർശനത്തിന് കാരണമായിതീർന്നു.
2025ൽ നടന്ന സ്വർണംപൂശൽ നടപടിയും ക്രമക്കേടിന്റെ ഭാഗമാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ എസ്ഐടി ഒടുവിൽ അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ശബരിമല ക്ഷേത്ര പാളികളിൽ നിന്നെടുത്ത സാംപിളുകൾ വിഎസ്എസ്സി ലാബിലും ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലും എത്തിച്ച് ശാസ്ത്രീയ പരിശോധന നടത്തിക്കഴിഞ്ഞു.
ഇതിന്റെയെല്ലാം ഫലങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

