യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി തൊടുപുഴയിൽ നിന്ന് കോയമ്പത്തൂർ വഴി ബെംഗളൂരുവിലേക്ക് പുതിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവീസിന് തുടക്കമായി. കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗവ.
ചീഫ് വിപ് അപു ജോൺ ജോസഫ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഞായറാഴ്ചകളിൽ വൈകിട്ട് 4.45ന് തൊടുപുഴയിൽ നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ നാലു മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും. തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45 ന് ബെംഗളൂരുവിൽ നിന്ന് തിരികെ പുറപ്പെട്ട് രാത്രി രണ്ടു മണിക്ക് തൊടുപുഴയിൽ തിരിച്ചെത്തും.
കൂടാതെ, വ്യാഴാഴ്ച വൈകിട്ട് 4.45ന് തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ നാലു മണിക്ക് ബെംഗളൂരുവിൽ എത്തുന്ന രീതിയിലും സർവീസ് ഉണ്ട്. വെള്ളിയാഴ്ച രാത്രി 8.45-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ ഏഴു മണിക്ക് തൊടുപുഴയിൽ എത്തിച്ചേരും.
ഇവിടേക്ക് 828 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വൈകാതെ തന്നെ പുതിയ എസി ബസ് അനുവദിക്കാമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ അറിയിച്ചിട്ടുണ്ടെന്ന് ചീഫ് വിപ് അപു ജോൺ ജോസഫ് വ്യക്തമാക്കി.
തൊടുപുഴ ഡിപ്പോയുടെ നിലവിലെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എസ്ടിഎ മെംബർ കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
എടിഒ എം.ജി. രാജീവ്, വാർഡ് കൗൺസിലർ ആതിര ജോഷി, കെഎസ്ആർടിസി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കെഎസ്ആർടിസി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സർവീസിന്റെ ആദ്യ ദിവസം തന്നെ ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുന്നതിനായി നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

