പൊലീസുകാരന്റെ മുഖത്തടിക്കുകയും നിലത്തു വീഴ്ത്തുകയും ചെയ്ത കേസിൽ സ്വകാര്യ ബസ് ജീവനക്കാരന് ജാമ്യം ലഭിച്ചു. എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിൽ പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിട്ടും നിസ്സാര വകുപ്പുകൾ മാത്രമാണു ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 9ന് കലൂരിൽ റോഡിനു നടുവിൽ കാർ തടഞ്ഞു മോശമായി പെരുമാറുകയും പിടികൂടാനെത്തിയ നോർത്ത് സ്റ്റേഷനിലെ പൊലീസുകാരനെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതി സ്വകാര്യ ബസ് ജീവനക്കാരൻ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണു നിസ്സാര വകുപ്പ് ചുമത്തി വിട്ടയച്ചത്. സമാനമായ രീതിയിൽ പ്രതി ബസിൽ നിന്നിറങ്ങി കാർ തടഞ്ഞ് അസഭ്യം വിളിക്കുകയും പരാക്രമം കാട്ടുകയും ചെയ്തതിനെതിരെ പരാതി നൽകിയ കാര്യം ചൂണ്ടിക്കാട്ടി കാക്കനാട് സ്വദേശി സി.ബി.റെജിൻസ് ഇന്നലെ രംഗത്തുവന്നു.
ഓഗസ്റ്റ് 22നായിരുന്നു ഈ സംഭവം. അന്ന് പെറ്റി ചുമത്തി പൊലീസ് പരാതി തീർത്തെന്നും ആക്ഷേപമുണ്ട്.
വിവാദമായതോടെ തൃക്കാക്കര പൊലീസ് പരാതി വീണ്ടും പരിശോധിക്കുമെന്നാണു സൂചന. പാലാരിവട്ടം – കാക്കനാട് റോഡിൽ വാഴക്കാലയ്ക്കു സമീപമാണു ഇയാൾ കാർ തടഞ്ഞു വെല്ലുവിളി നടത്തിയത്.
പരാതിക്കാരന്റെ വാഹനത്തെ ഇടതുവശം ചേർന്നു മറികടന്ന് റോഡിനു മധ്യത്തിൽ ബസ് നിർത്തി ആളെ ഇറക്കി. ഈ സമയത്തു ഹോണടിച്ചതാണു മുഹമ്മദ് അൻസാറിനെ പ്രകോപിപ്പിച്ചത്.
ബസിൽ നിന്നിറങ്ങി ഇയാൾ കാറിന്റെ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. തുടർന്നു ബോണറ്റിൽ അടിക്കുകയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തു.
പൊലീസിൽ അറിയിച്ചപ്പോൾ തൃക്കാക്കര സ്റ്റേഷനിൽ എത്താൻ നിർദേശിച്ചു. ഇതനുസരിച്ച് റെജിൻസ് അവിടെ എത്തുമ്പോഴേക്കും ബസ് ഉടമയും എത്തിയിരുന്നു.
പൊലീസ് ചോദ്യം ചെയ്യും പോലെ ബസ് ഉടമ തന്നെ ചോദ്യം ചെയ്യാൻ ശ്രമിച്ചെന്ന് ഇദ്ദേഹം പറയുന്നു. സ്റ്റേഷനിൽ ബസിനെതിരെ പിഴ ചുമത്തി.
പരാതിക്കാരൻ അടുത്ത ദിവസം മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും മോട്ടർ വാഹന വകുപ്പിനും ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകി. എന്നാൽ ഈ പരാതിയിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഓഗസ്റ്റ് 9ന് കലൂരിൽ വാഹനം തടഞ്ഞ കേസിൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയത്. ബസിൽ വച്ചു പ്രതിയെ പിടികൂടാൻ ശ്രമിച്ച നോർത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മുഖത്ത് പ്രതി ഇടിക്കുകയും ചെയ്തിരുന്നു.
മറ്റൊരു സംഭവത്തിൽ, കഴിഞ്ഞ ദിവസം രാവിലെ പാലാരിവട്ടത്ത് സ്വകാര്യ ബസിൽ നിന്നു റോഡിലേക്കു വീണ് യാത്രക്കാരിക്കു ഗുരുതര പരുക്കേറ്റു. ബസിലേക്കു പൂർണമായി കയറും മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആലങ്ങാട് കരിപ്പുഴയിൽ രമണി(60) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈറ്റില ഭാഗത്തേക്കു പോയ ബസിൽ നിന്നാണു വീണത്.
ഡ്രൈവർ അലക്ഷ്യമായി വാഹനമെടുത്തതാണ് അപകട കാരണമെന്ന് എഫ്ഐആറിൽ പറയുന്നു.
പാലാരിവട്ടം പൊലീസ് കേസെടുത്തു. കൂടാതെ, മാധവ ഫാർമസി ജംക്ഷനിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് നടപ്പാതയിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നു.
വിഡിയോ ചിത്രീകരിച്ച ആളുടെ തൊട്ടടുത്തു കൂടി അപകടകരമായ രീതിയിലാണ് ബസ് നടപ്പാതയിൽ നിന്നു താഴെയിറക്കിയത്. ബസിന്റെ പകുതിയോളം നടപ്പാതയിൽ കയറി കടകളോടു ചേർന്നാണ് ഓടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

