അമേരിക്കയിൽ പുതുവത്സരാഘോഷ വേളയിൽ ഒപ്പം താമസിച്ചിരുന്ന തെലങ്കാന സ്വദേശിനിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഉത്തർപ്രദേശിലെ ആഗ്രയിൽനിന്ന് നിയമപാലകർ പിടികൂടി. അമേരിക്കയിലെ മെരിലാൻഡിലെ കൊളംബിയയിലുള്ള അപാർട്മെന്റിൽ വെച്ചുണ്ടായ ആക്രമണത്തിലാണ് നികിത ഗോഡിഷാല (27) കൊല്ലപ്പെട്ടത്.
ഈ കേസിൽ അർജുൻ ശർമയാണ് പ്രതിസ്ഥാനത്തുള്ളത്. കൃത്യത്തിന് പിന്നാലെ ജനുവരി 2 മുതൽ യുവാവ് ഒളിവിലായിരുന്നു.
യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് പൊലീസ് സംഘം ആഗ്രയിലെ ഫ്ലാറ്റിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അർജുൻ ശർമയുടെ കൊളംബിയയിലുള്ള വസതിയിലാണ് നികിത ഗോഡിഷാല താമസിച്ചിരുന്നത്.
2025 ഡിസംബർ 31 ന് ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ അമേരിക്കയിൽ അന്വേഷണത്തെ നേരിടുകയായിരുന്നു. യുവാവ് നികിതയുടെ മുൻ കാമുകനാണെന്നാണ് അമേരിക്കയിലെ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
എന്നാൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഹൈദരാബാദിലുള്ള നികിതയുടെ കുടുംബത്തിന്റെ നിലപാട്. യുവതിയിൽനിന്ന് കടമായി വാങ്ങിയ തുക അർജുൻ ശർമ തിരികെ നൽകാതിരുന്നതുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസിൽ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.
ഈ പരാതിയുടെമേലുള്ള അന്വേഷണത്തിലാണ് പ്രതി ഇപ്പോൾ പിടിയിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട
പ്രതിയെ കണ്ടെത്താനായി അമേരിക്കയിലെ അന്വേഷണ ഏജൻസികൾ ഊർജിതമായ നീക്കങ്ങൾ നടത്തിവരികയായിരുന്നു. പ്രതി ഇന്ത്യയിൽ പിടിയിലായ വിവരം അമേരിക്കൻ അന്വേഷണ സംഘം ഇതിനോടകം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഇയാളെ എപ്പോഴാണ് അമേരിക്കയ്ക്ക് കൈമാറുകയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

