ശബരിമല അരവണ നിർമ്മാണത്തിനായി മിൽമയ്ക്ക് കരാർ നൽകിയതുവഴി തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കോടിയിലധികം രൂപയുടെ അന്യായ സാമ്പത്തിക നഷ്ടം ഉണ്ടായതായി വിജിലൻസ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട
വിജിലൻസിന്റെ എഫ്ഐആർ പുറത്തുവന്നു. മിൽമയേക്കാൾ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത മൂന്നു കമ്പനികളെ ഒഴിവാക്കിയാണ് കരാർ നൽകിയത്.
ഭക്തർ നൽകിയ നെയ് കൂടി ഉപയോഗിച്ച് അരവണ നിർമ്മാണം നടത്തിയെന്നും ഭക്ഷ്യഗുണനിലവാര പരിശോധന ഒഴിവാക്കിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ടെൻഡർ നടപടിയിൽ പങ്കെടുത്തിട്ടില്ലാത്ത മിൽമയ്ക്ക് കരാർ ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ, മൂന്നാം പ്രതി മുരാരിബാബു ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു ബാച്ച് അരവണ തയ്യാറാക്കുന്നതിനായി പതിവായി ഉപയോഗിച്ചുവരുന്ന 10 ലിറ്റർ നെയ്യിന് പകരം 7 ലിറ്റർ മിൽമ നെയ്യ് മാത്രം മതിയാകുമെന്ന റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് സമർപ്പിച്ചതായും ആരോപണമുണ്ട്.
അഴിമതി നിരോധന നിയമം, 1988-ലെ വകുപ്പ് 7, വകുപ്പ് 13(2) സഹിതം വകുപ്പ് 13(1)(എ), കൂടാതെ ഭാരതീയ ന്യായ സംഹിത, 2023-ലെ വകുപ്പ് 61(2), വകുപ്പ് 316(5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറിക്ക് ലിറ്ററിന് 369 രൂപ, കൊച്ചിയിലെ സ്വാമി അയ്യപ്പ എന്റർപ്രൈസസിന് ലിറ്ററിന് 375 രൂപ എന്നിങ്ങനെ നെയ്യിനായി ടെണ്ടർ നൽകി.
പ്രതികൾ ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമ നെയ്യ് വാങ്ങുന്നതിന് അനുമതി നൽകിയതായും ആരോപണമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 1,61,535 ലിറ്റർ നെയ്യ് വാങ്ങുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
മിൽമയ്ക്ക് നൽകിയ കരാറിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ച് ക്രമക്കേട് നടത്തി എന്നാണ് പ്രധാന കണ്ടെത്തൽ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗമായിരുന്ന അജികുമാർ, മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരെ പ്രതി ചേർത്താണ് വിജിലൻസിന്റെ സതേൺ റേഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

