മോഷണം പോകാതിരിക്കാൻ ആരുമറിയാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന പത്തര പവൻ സ്വർണാഭരണം അറിയാതെ ആക്രിക്കാരന് വിറ്റു. തുടർന്ന് നടന്ന സംഭവങ്ങൾ സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു.
കോഴിക്കോട് ചുങ്കത്തെ വീട്ടിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. കഴിഞ്ഞമാസം 25-നാണ് സംഭവം നടന്നത്.
മലപ്പുറത്തുനിന്ന് ആക്രി ശേഖരിക്കാൻ സ്ഥിരമായി കോഴിക്കോട് നഗരത്തിൽ എത്തുന്ന മലപ്പുറം മേൽമുറി സ്വദേശി യു.കെ.അനീസ് ചുങ്കത്തെ വീട്ടിൽ എത്തിയിരുന്നു. വിദേശത്തുനിന്ന് എത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്.
അമ്മ രേവയുടെ അസാന്നിധ്യത്തിൽ പഴയ പെട്ടികളും കാർഡ്ബോർഡ് പെട്ടികളും ആക്രിക്കാരനു നൽകി. ഒപ്പം മുറ്റത്തുണ്ടായിരുന്ന പഴയ സ്കൂട്ടറും നൽകുകയായിരുന്നു.
ഇന്നലെ വീട്ടിലെത്തിയ രേവ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടി കാണാതെ വന്നതോടെ മകളോട് വിവരം തിരക്കി. പഴയ പെട്ടികൾ ആക്രിക്കാരന് കൊടുത്ത കാര്യം മകൾ പറഞ്ഞപ്പോഴാണ് അതിനുള്ളിലായിരുന്നു സ്വർണ്ണമെന്ന് രാധികയും അറിയുന്നത്.
തുടർന്ന് ആശങ്കയിലായ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. ആക്രി എടുത്തശേഷം അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസന്വേഷണത്തിൽ വഴിതിരിവായത്.
കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട പൊലീസ് അനീസിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
ശേഖരിച്ച ആക്രി മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടയാണ് പെട്ടിയിൽനിന്ന് ആഭരണം കിട്ടിയതെന്ന് അനീസ് പൊലീസിന് മൊഴി നൽകി. ആദ്യം മുക്കുപണ്ടമാണെന്ന് കരുതി മാറ്റിവെച്ചെങ്കിലും, ഭാര്യയെ കാണിച്ചപ്പോഴാണ് യഥാർത്ഥ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞത്.
ദിവസം നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ ഏത് വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. താൻ നൽകിയ കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണ്ണം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നുവെന്ന് അനീസ് വ്യക്തമാക്കി.
തുടർന്ന് നടക്കാവ് എസ്.ഐ ധനേഷ് കുമാർ, എസ്സിപിഒ കെ. രഞ്ജിത്ത് എന്നിവരും അനീസും ചേർന്ന് മലപ്പുറത്തെ വീട്ടിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി.
ആക്രി ശേഖരിക്കുന്നതിനൊപ്പം ഫോൺ നമ്പർ അടങ്ങിയ കാർഡ് വിതരണം ചെയ്യുന്ന അനീസിന്റെ ശീലത്തെയും പൊലീസ് അഭിനന്ദിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലും ആക്രി വ്യാപാരിയായ അനീസിന്റെ സത്യസന്ധതയും ഒത്തുചേർന്നപ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയ 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവൻ സ്വർണ്ണമാണ് ആ കുടുംബത്തിന് തിരികെ ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

