കൊച്ചി: കരാർ അടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് (ഹിസ്റ്റെറെക്ടമി) ശമ്പളത്തോടുകൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ്, പി സി മോളി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ നിർണ്ണായക ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ശസ്ത്രക്രിയയെത്തുടർന്ന് ഇവർ സമർപ്പിച്ച മെഡിക്കൽ അവധിക്കുള്ള അപേക്ഷ മുൻപ് സർക്കാർ തള്ളിക്കളഞ്ഞിരുന്നു. സ്ഥിര ജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെങ്കിലും, ഹിസ്റ്റെറെക്ടമിക്ക് കെഎസ്ആർ ചട്ടം 101എ പ്രകാരമുള്ള ആനുകൂല്യം കരാർ ജീവനക്കാർക്ക് നൽകാനാവില്ലെന്നായിരുന്നു സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
എന്നാൽ പ്രസവാവധിയും ഗർഭച്ഛിദ്രത്തെത്തുടർന്നുള്ള അവധിയും അനുവദിക്കുമ്പോൾ സമാന സ്വഭാവമുള്ള ചികിത്സയ്ക്ക് അവധി നിഷേധിക്കുന്നത് കടുത്ത വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ ആരോഗ്യപരമായ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ചുള്ള ആനുകൂല്യം, അവർ കരാർ ജീവനക്കാരാണെന്ന ഒറ്റ കാരണത്താൽ നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രസവാവധി സംബന്ധിച്ച ആനുകൂല്യങ്ങൾ കരാർ ജീവനക്കാർക്കും ബാധകമാക്കിക്കൊണ്ട് 2021ൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കും സമാനമായ രീതിയിൽ അവധി അനുവദിക്കേണ്ടതാണെന്ന് കോടതി ഉത്തരവിട്ടു.
ഹർജിക്കാരുടെ അവധി അപേക്ഷ നാല് മാസത്തിനകം പരിഗണിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

