ചാണകവും ജൈവമാലിന്യങ്ങളും ഉപയോഗിച്ച് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന പ്രമുഖ പദ്ധതിയായ ഗോവർധൻ പദ്ധതിക്കായി 23,731 കോടി രൂപ അനുവദിക്കുവാൻ കേന്ദ്രമന്ത്രിസഭ ഔദ്യോഗികമായി തീരുമാനിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ കംപ്രസ്ഡ് ബയോഗ്യാസിനെ (സിബിജി) രാജ്യത്തെ പ്രധാനപ്പെട്ട
ഊർജ സ്രോതസ്സുകളിലൊന്നാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇപ്പോൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ പകുതിയിലേറെ ഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധികൾ ഉൾപ്പെടെയുള്ള ആഗോള അസ്ഥിരതകൾ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എൽഎൻജിയുടെ ലഭ്യത കുറഞ്ഞത് രാജ്യത്തെ വ്യാവസായിക മേഖലയ്ക്കും തിരിച്ചടിയായി.
ഈ സാഹചര്യം കൂടി മുന്നിൽക്കണ്ടുകൊണ്ടാണ് ഗോവർധൻ പദ്ധതി വിപുലീകരിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വരുന്ന പത്ത് വർഷം കൊണ്ട് സിബിജി ഉൽപ്പാദനം പത്തിരട്ടിയായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയ്ക്കും സ്വന്തമായി പ്ലാന്റുകൾ സ്ഥാപിക്കാവുന്നതാണ്. ചെറുകിട
സംരംഭകർക്ക് ആവശ്യമായ മുതൽമുടക്കിന്റെ 85 ശതമാനം വരെ വായ്പയായി ലഭ്യമാക്കും. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പ്രധാനമായും ഇന്ധന വിതരണം നടത്തുക.
ഇതിന്റെ ഭാഗമായി പൈപ്പ്ഡ് നാച്വറൽ ഗ്യാസിൽ (പിഎൻജി) സിബിജി ചേർക്കുന്നതിനും ധാരണയായിട്ടുണ്ട്. പ്രതിദിനം ഒരു ടൺ (ടിപിഡി) ഉൽപാദന ശേഷിയുള്ള പ്ലാന്റുകൾക്ക് 2 കോടി രൂപ വരെ മൂലധന സഹായം ലഭിക്കും.
വിലയിലെ സ്ഥിരതയാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന പ്രത്യേകത. മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എംഎംബിടിയു) 2,110 രൂപ എന്ന നിരക്കാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
മാലിന്യങ്ങളെ ഉപയോക്തൃ ഇന്ധനമാക്കി മാറ്റുന്നത് വഴി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കാനും, ശുചിത്വം ഉറപ്പുവരുത്താനും, ജൈവവള ലഭ്യത ഗണ്യമായി വർധിപ്പിക്കാനും സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിലൂടെ ഏകദേശം 40,000 കോടി രൂപയുടെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയുന്നതോടെ അന്തരീക്ഷത്തിലേക്ക് കാർബൺഡൈഓക്സൈഡ് പുറന്തള്ളപ്പെടുന്ന അളവും ഗണ്യമായി കുറയും. ഈ പദ്ധതിയിലൂടെ രാജ്യത്ത് ഏകദേശം ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2018-ൽ സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) ഭാഗമായാണ് ഗോവർധൻ പദ്ധതി ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്. വ്യക്തിഗത കുടുംബങ്ങൾക്കായുള്ള ചെറിയ ബയോഗ്യാസ് പ്ലാന്റുകൾ, തദ്ദേശ സ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന കമ്യൂണിറ്റി പ്ലാന്റുകൾ, ജൈവമാലിന്യ സംസ്കരണത്തിനായി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിബിജി പ്ലാന്റുകൾ എന്നിവയ്ക്കാണ് പ്രധാനമായും സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.
രാജ്യത്ത് ഇതിനോടകം തന്നെ 217 സിബിജി പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിൽ ബിപിസിഎൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്ലാന്റാണ് കേരളത്തിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനുപുറമേ പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ പുതിയ പ്ലാന്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തൃശൂർ, കോഴിക്കോട്, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും പുതിയ പ്ലാന്റുകൾക്കായുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

