ചാലക്കുടി വാഴക്കുന്ന് താണിപ്പാറ കനാൽബണ്ട് റോഡിൽ നിന്ന് 24 കുട്ടികളുമായി പോയ സ്കൂൾ വാൻ ഏകദേശം 15 അടിയോളം താഴ്ചയുള്ളതും മുട്ടറ്റം വെള്ളമുള്ളതുമായ കനാലിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് നാല് மணியോടെയാണ് ഈ അപകടമുണ്ടായത്.
പ്രീകെജി, എൽകെജി വിദ്യാർഥികൾ അടക്കമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വാനിലുണ്ടായിരുന്ന മുഴുവൻ കുട്ടികളെയും വേഗത്തിൽ കനാലിൽ നിന്ന് സുരക്ഷിതമായി കരയ്ക്കെടുക്കാൻ സാധിച്ചത്.
ആളൂർ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽ പെട്ടത്. എസ്എൻവി സ്കൂളിലെ ഒരു വിദ്യാർഥിയും ഈ വാനിലുണ്ടായിരുന്നു.
സ്കൂട്ടറിന് സൈഡ് കൊടുക്കുന്നതിനിടയിൽ കനാൽ ബണ്ട് റോഡ് താഴ്ന്നാണ് വാൻ മറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. പതിവായി വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് പകരം മറ്റൊരാളാണ് ഇന്നലെ വാൻ ഓടിച്ചിരുന്നത്.
കനാലിന്റെ ഇരുകരകളിലും ബണ്ട് റോഡുകളുള്ളതിൽ ഒരു വശത്ത് വീതിയുള്ള റോഡാണുള്ളത്. സാധാരണയായി ഈ വഴിയിലൂടെയാണ് വാൻ വന്നിരുന്നത്.
എന്നാൽ ഇന്നലെ ഡ്രൈവർ വഴിതെറ്റി വീതി കുറഞ്ഞ ബണ്ട് റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്നു. ഇടുങ്ങിയ റോഡിൽ സ്കൂട്ടറിന് വശം നൽകുന്നതിനിടയിൽ റോഡിന്റെ വശം താഴ്ന്ന് നിമിഷനേരംകൊണ്ട് വാൻ കനാലിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് നനഞ്ഞും ഭയന്നുമാണ് കുട്ടികൾ കരഞ്ഞുകൊണ്ട് പുറത്തുവന്നത്. സീറ്റുകളിൽ നിന്ന് തെറിച്ചുവീണ കുട്ടികൾ പലയിടത്തായി ഇടിക്കുകയായിരുന്നു.
കനാലിൽ വീണതോടെ കുട്ടികളുടെ ചെരിപ്പുകളും തിരിച്ചറിയൽ കാർഡുകളും ചിതറിപ്പോയി. വാവിട്ടു കരഞ്ഞ കുഞ്ഞുങ്ങളെ നാട്ടുകാർ വാരിയെടുത്ത് കരയിലേക്ക് എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേനയും ആളൂർ പൊലീസും സ്ഥലത്തെത്തി. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാൻ കനാലിൽ നിന്ന് ഉയർത്തിയത്.
നാട്ടുകാർ കനാലിൽ നിന്ന് കണ്ടെടുത്ത സ്കൂൾ ബാഗുകൾ പെറുക്കിയെടുത്ത് സ്കൂൾ അധികൃതർക്ക് കൈമാറി. അപകടത്തിൽ പരുക്കേറ്റ ആളൂർ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർഥികളായ പി.വി.ശിഖ (11), പള്ളുപറമ്പിൽ ശിവാനി (09), ഞാറേക്കാടൻ കെവിൻ (13), കോലഞ്ചേരി എയ്ഡൻ (04), അധ്യാപിക പൊറത്തൂക്കാരൻ നിധി ജയിംസ് (46) എന്നിവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടാതെ, നിരുപമ സന്തോഷ് (11), അവന്തിക (10), അനാമിക (13), ആദം (13), സിയ എലിസബത്ത് (4), സിയാൻ (04), ലാരിസ് (14), ജുലീന (13), അലിൻ റോസ് (14), അയന (07), ജെസ്മിൻ (05), സോന (14), അബേബ (08), അബിഗെയ്ൻ (05), ആന്റണി (14), അനെക്സ് റാഫി (13), നയന (10), അനന്യ (09), എസ്എൻവി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ഷാരോൺ (14) എന്നിവർക്കും നിസാര പരുക്കേറ്റിട്ടുണ്ട്. ഈ കുട്ടികൾക്ക് പോട്ട
ധന്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. ജോയൽ (13) എന്ന വിദ്യാർഥിയെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
അപകടവിവരമറിഞ്ഞ് എംഎൽഎമാരായ സനീഷ്കുമാർ ജോസഫ്, തോമസ് ഉണ്ണിയാടൻ, കലക്ടർ ശിഖ സുരേന്ദ്രൻ, നഗരസഭാധ്യക്ഷ ആലീസ് ഷിബു, നഗരസഭാ ഉപാധ്യക്ഷൻ കെ.വി.പോൾ, തഹസിൽദാർ കെ.എ.ജേക്കബ് എന്നിവർ സ്ഥലത്തെത്തി കുട്ടികളെ ആശ്വസിപ്പിച്ചു. കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രികളും പരിസരവും നാട്ടുകാരെയും അധ്യാപകരെയും രക്ഷിതാക്കളെയും കൊണ്ട് നിറഞ്ഞിരുന്നു.
ഒട്ടേറെ ജനപ്രതിനിധികളും ആശുപത്രികളിലും സംഭവസ്ഥലത്തുമായി എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

