ഇന്ത്യൻ അടുക്കളകളിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന പച്ചക്കറിയായ വെണ്ടയ്ക്ക അമേരിക്കൻ വിപണിയിൽ എത്തിയപ്പോൾ അതിന്റെ രൂപവും ഭാവവും മാത്രമല്ല, വിലയിലും വൻ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. പ്രീമിയം ലേബലിൽ വിറ്റഴിക്കപ്പെടുന്ന ഈ സ്നാക്ക് പാക്കറ്റിന്റെ വില കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ ആശിഷ് അഹൂജ.
സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച വീഡിയോ ഇതിനകം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ വറുത്ത് മസാലകൾ ചേർത്ത വെണ്ടയ്ക്ക ചെറിയ പാക്കറ്റിലാക്കി വിൽക്കുന്നത് ആശിഷ് ശ്രദ്ധയിൽപ്പെടുത്തി.
85 ഗ്രാം മാത്രം തൂക്കമുള്ള ഒരു പാക്കറ്റിന് 6.50 യുഎസ് ഡോളറാണ് വില ഈടാക്കുന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഇത് ഏകദേശം 600 രൂപയോളം വരും.
ഈ കണക്ക് അടിസ്ഥാനമാക്കിയാൽ, ഒരു കിലോഗ്രാം വെണ്ടയ്ക്കാ സ്നാക്ക് വാങ്ങാൻ ഏകദേശം 7,250 രൂപ ചെലവഴിക്കേണ്ടി വരും. വിപണിയിലെ മറ്റ് മുൻനിര ചിപ്സ് ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിലയുടെ അമിതഭാരം വ്യക്തമാണെന്ന് ആശിഷ് ചൂണ്ടിക്കാട്ടുന്നു.
“അമേരിക്കയിൽ ലെയ്സിന്റെ (Lay’s) വലിയൊരു പാക്കറ്റിന് വെറും 2.50 ഡോളർ (ഏകദേശം 200 രൂപ) മാത്രമാണ് വില. ഇവിടെയുള്ള ഭൂരിഭാഗം സ്നാക്കുകളും 2 മുതൽ 4 ഡോളർ വരെയുള്ള നിരക്കിൽ ലഭിക്കുമ്പോഴാണ് ഈ ചെറിയ വെണ്ടയ്ക്കാ പാക്കറ്റിന് 6.50 ഡോളർ ഈടാക്കുന്നത്.
അമേരിക്കയിൽ വെണ്ടയ്ക്ക അധികം വിളയാത്തത് കൊണ്ടാകാം ഈ അമിത വില,” ആശിഷ് വീഡിയോയിൽ പറയുന്നു. “സത്യം പറയൂ, 7,200 രൂപയ്ക്ക് വെണ്ടയ്ക്ക വാങ്ങുമോ അതോ അത്രയും പൈസയ്ക്ക് ഫ്രിഡ്ജ് നിറയെ സാധനങ്ങൾ വാങ്ങുമോ? ഇന്ത്യയിൽ ഇത് വെറുമൊരു സാധാരണ സബ്ജിയാണ്.
എന്നാൽ, അമേരിക്കയിൽ ഇതിനെ വറുത്ത് പാക്കറ്റിലാക്കിയപ്പോൾ ഇതൊരു ആഡംബര സ്നാക്ക്സായി മാറി,” എന്ന കുറിപ്പോടെയാണ് ആശിഷ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്.
“വെണ്ടയ്ക്കയ്ക്ക് എൻആർഐ പദവി കിട്ടിയപ്പോൾ അത് സ്വന്തം വേരുകൾ മറന്നുപോയി” എന്നാണ് ഒരാൾ പരിഹാസരൂപേണ കുറിച്ചത്. ഇന്ത്യൻ മാതാപിതാക്കൾ ഈ വില കണ്ടാൽ ബോധംകെട്ടു വീഴുമെന്നും, പ്രവാസലോകത്തെ വെണ്ടയ്ക്കയുടെ ഈ പ്രീമിയം അവസ്ഥയെ ട്രോളുകളിലൂടെ പലരും പരിഹസിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

