മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി. സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറിയും ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായിരുന്ന നന്ദകുമാർ കൊളത്താപ്പിള്ളിയെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
പകരം മുൻ അഡീഷനൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചു. സംഭവം നടന്നത് ഇങ്ങനെ
വിരമിച്ച ശേഷം ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി സേവനമനുഷ്ഠിക്കുകയായിരുന്നു നന്ദകുമാർ കൊളത്താപ്പിള്ളീ.
2023-ൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അച്ചു ഉമ്മനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം. ഇടതുപക്ഷ അനുകൂല സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിനെതിരെ അച്ചു ഉമ്മൻ നേരിട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു.
എന്നാൽ, പരാതിയിൽ കാര്യമായ നടപടികൾ സ്വീകരിക്കാൻ അന്ന് അധികൃതർ തയ്യാറായിരുന്നില്ല. പിന്നീട്, വിഷയത്തിൽ പൊതുസമൂഹത്തിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നതോടെയാണ് പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
എന്നാൽ, നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു പോലീസ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നത്.
ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ തലത്തിൽ ഇദ്ദേഹത്തെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

