തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ശേഖരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിൻ ആണ് ഈ കേസിൽ ഒന്നാം പ്രതി.
കൂടുതൽ പരാതിക്കാർ ഉണ്ടാകുന്ന പക്ഷം അവരിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തിയ ശേഷമായിരിക്കും പുതിയ എഫ്ഐആറുകൾ ഫയൽ ചെയ്യുകയെന്ന് കഴക്കൂട്ടം എസിപി വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ ചിത്രങ്ങൾ ഡിജിറ്റലായി വികൃതമാക്കി അശ്ലീല കുറിപ്പുകളോടെ പ്രചരിപ്പിച്ച സംഭവത്തിൽ ഇരുപതിലേറെ ഇരകളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴു പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതിയായ എബേൽ അഗസ്റ്റിനെ ഡിസിപിയുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ വെളിച്ചത്തുവന്നത്. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി കെ.എസ്.സഹൻഷാ വ്യക്തമാക്കി. പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ എബേൽ അഗസ്റ്റിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഉത്തരവ് പുറത്തിറക്കി.
പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നിന്നാണ് അനുവാദമില്ലാതെ ചിത്രങ്ങൾ എടുത്തത്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥമൂലാമാണെന്നാരോപിച്ചു നൂറിലധികം വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്നലെ രാത്രി മണിക്കൂറുകളോളം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാന്നിട്ടില്ലെന്നും ഐടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) ബാധകമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചതെന്നും ജാമ്യം അനുവദിച്ചത് കോടതിയാണെന്നും എസിപി വിശദീകരിച്ചു. ബിഎൻഎസ് പ്രകാരം ഏഴു വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റിലേക്ക് കടക്കുന്നതിന് മുൻപ് നോട്ടീസ് നൽകി വിളിപ്പിക്കാനാണ് ചട്ടമെങ്കിലും, ഈ കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ലഘുവായ വകുപ്പുകൾ ചുമത്തിയതു കൊണ്ടാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എൻ.എച്ച്.സാലിഹ് ആരോപിച്ചു. സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ മോശമായാണ് പെരുമാറിയതെന്നും പൊലീസിന് മേൽ ബാഹ്യ സമ്മർദ്ദമുണ്ടായതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിസ്സാരമായി ജാമ്യം ലഭിക്കുന്ന സാഹചര്യം ഗുരുതരമായ തെറ്റുകൾ ആവർത്തിക്കപ്പെടാൻ ഇടയാക്കുമെന്നും, ആ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിദ്യാർത്ഥിനികൾക്ക് പ്രതിയിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ജൂനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ പരാതിയുമായി മുന്നോട്ടുവരുമെന്നും, വിഷയം ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും എൻ.എച്ച്.സാലിഹ് കൂട്ടിച്ചേർത്തു. 11 സീനിയർ വിദ്യാർത്ഥിനികൾ ഒപ്പിട്ട് പരാതി നൽകിയിട്ടും പൊലീസ് ഒരേയൊരു എഫ്ഐആർ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും, ഒരാളുടെ മാത്രം മൊഴിയെടുത്ത് മറ്റുള്ളവരോട് പിന്നീട് വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു.
സമാന സ്വഭാവമുള്ള പരാതികളിൽ ഒന്നിലേറെ എഫ്ഐആറുകൾ നൽകാൻ നിയമതടസ്സമുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. പ്രതിഷേധത്തിനിടെ പരാതി നൽകാനായി സ്റ്റേഷനുള്ളിൽ പ്രവേശിച്ച വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പൊലീസ് ക്യാമറയിൽ പകർത്തിയെന്ന മറ്റൊരു ആരോപണവും ഉയർന്നിരുന്നു.
എന്നാൽ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ പരാതിക്കാരിയുടെ ദൃശ്യങ്ങൾ യാദൃശ്ചികമായി ഉൾപ്പെട്ടുപോയതാണെന്ന് പൊലീസ് വിശദീകരണം നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും നേരിട്ടുള്ള സാന്നിധ്യത്തിൽ പൊലീസ് ഈ ദൃശ്യങ്ങൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

