പാക്കിസ്ഥാനിൽ രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തി മുൻ പ്രധാനമന്ത്രിയും നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മൂത്ത സഹോദരനുമായ നവാസ് ഷെരീഫ് രംഗത്ത്. തനിക്ക് പാക്ക് അധിനിവേശ കശ്മീരിന്റെ (പിഒകെ) പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് ഷെഹബാസ് ഷെരീഫിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനിൽ ഫെഡറൽ ഗവൺമെന്റിനെ നയിക്കുന്ന പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിയുടെ അമരക്കാരനാണ് നവാസ് ഷെരീഫ്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പിഒകെയിൽ പാക്കിസ്ഥാൻ ഫെഡറൽ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടയിലാണ് ഈ രാഷ്ട്രീയ നീക്കം. ഭക്ഷ്യധാന്യങ്ങൾ, വൈദ്യുതി, കുടിവെള്ളം, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ തടഞ്ഞുവെച്ച് പാക്ക് സർക്കാർ പ്രദേശത്തെ തകർത്തുവെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
ഇതിനുപുറമെ, പണപ്പെരുപ്പം അനിയന്ത്രിതമായി കുതിച്ചുയർന്നതും ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. മേഖലയിലെ ജനങ്ങൾക്കിടയിൽ പാക്ക് സൈന്യത്തിനെതിരെയുള്ള പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുകയാണ്.
പിഒകെയെ വിവിധ വ്യാപാര ഇടപാടുകളിൽ നിന്ന് സർക്കാരും സൈന്യവും ബോധപൂർവം വിലക്കിയിരിക്കുകയാണെന്നാണ് പ്രക്ഷോഭകരുടെ ആക്ഷേപം. പാക്കിസ്ഥാനുമായി വ്യാപാരം അനുവദിക്കാൻ തയ്യാറായില്ലെങ്കിൽ, ഇന്ത്യയുമായി ബദൽ വ്യാപാരപാത തുറന്ന് ഉഭയകക്ഷി വ്യാപാരം ആരംഭിക്കുമെന്നും പ്രക്ഷോഭകർ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ശക്തമായ എതിർപ്പുകൾ വകവെയ്ക്കാതെയാണ് പിഒകെയിൽ തിരഞ്ഞെടുപ്പ് നടത്താൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നത്. പിഒകെ പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അംഗീകരിക്കില്ലെന്നും ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ നിർണായക ഘട്ടത്തിലാണ് പിഒകെ പ്രധാനമന്ത്രിയാകാനുള്ള മോഹവുമായി നവാസ് ഷെരീഫ് രംഗത്തെത്തിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധത്തിന് കാരണമായേക്കാം.
പിഒകെ തന്റെ ‘രണ്ടാം വീട്’ ആണെന്നും തന്റെ മുൻഗാമികൾ കശ്മീരികളാണെന്നുമാണ് നവാസ് ഷെരീഫ് അവകാശപ്പെടുന്നത്. പാക്കിസ്ഥാന്റെ ഫെഡറൽ സർക്കാരിലെ സഖ്യകക്ഷിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയോടാണ് (പിപിപി) നവാസിന്റെ പാർട്ടിയുടെ പ്രധാന മത്സരം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാനുള്ള സിന്ധുനദീജല വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഏതൊരു സൈനിക ആക്രമണത്തേക്കാളും വലിയ തിരിച്ചടിയായാണ് പാക്കിസ്ഥാൻ ഈ തീരുമാനത്തെ വിലയിരുത്തിയത്.
ഇതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പിഒകെയിൽ ജനകീയ പ്രക്ഷോഭങ്ങൾ ആളിക്കത്തിയത്. പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 23-25% സംഭാവന ചെയ്യുന്ന കാർഷിക മേഖലയ്ക്ക് ഇന്ത്യയുടെ ജലവിതരണം നിർത്തിയ നടപടി കനത്ത പ്രഹരമായി മാറി.
പാക്കിസ്ഥാനിലെ മൊത്തം തൊഴിലവസരങ്ങളുടെ 90% വും കാർഷിക മേഖലയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നത് ഈ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. ഇന്ത്യയുടെ ഈ നിർണായക തീരുമാനത്തിന് പിന്നാലെ പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
ഇവിടങ്ങളിലെ കാർഷിക മേഖലയും തൊഴിൽ മേഖലയും പൂർണമായും അവതാളത്തിലായതായി പാക്കിസ്ഥാൻ ഔദ്യോഗികമായി തന്നെ സമ്മതിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

