മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ഞാവൽ പഴങ്ങളുടെ വിപണി സജീവമാകുന്നു. തമിഴ്നാട്ടിലെ തിരുനെൽവേലി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ഞാവൽ പഴങ്ങൾക്ക് വലിയ തോതിലുള്ള ആവശ്യകതയാണ് വിപണിയിൽ അനുഭവപ്പെടുന്നത്.
രുചികരവും ഔഷധഗുണമുള്ളതുമായ ഈ പഴത്തിന് നിലവിൽ കിലോയ്ക്ക് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരുകാലത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്ന ഞാവൽ മരങ്ങൾ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, പഴത്തോടുള്ള മലയാളികളുടെ താൽപ്പര്യം മുതലെടുത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ഞാവൽ പഴങ്ങൾ എത്തിച്ച് വഴിയോരങ്ങളിൽ വിൽപന നടത്തുകയാണ് വ്യാപാരികൾ. ദീർഘദൂര ബസുകളിലും പിക്കപ്പ് വാനുകളിലുമായാണ് ദിവസവും ആവശ്യമായ ലോഡുകൾ എത്തിക്കുന്നത്.
പ്രധാന റോഡുകളിലും ഇടറോഡുകളിലും തമിഴ്നാട്ടിൽ നിന്നുള്ള വിൽപനക്കാർ ഇതിനകം തമ്പടിച്ചു കഴിഞ്ഞു. മീനം, മേടം മാസങ്ങളിലാണ് ഞാവൽ മരങ്ങൾ പൂവിടുന്നത്.
പഴങ്ങൾ പാകമാകുന്ന മുറയ്ക്ക് മരച്ചുവട്ടിൽ വല വിരിച്ച് കേടുപാടുകൾ സംഭവിക്കാത്ത രീതിയിലാണ് വിളവെടുപ്പ് നടത്തുന്നത്. പഴത്തിന് പുറമെ കുരുവിനും മികച്ച ഔഷധമൂല്യമുള്ളതിനാൽ ഉയർന്ന വില നൽകാനും ഉപഭോക്താക്കൾ മടിക്കുന്നില്ല.
നിത്യേന ആയിരക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇത്തരം വഴിയോര കേന്ദ്രങ്ങളിൽ നടക്കുന്നത്. നാട്ടിൻപുറങ്ങളിൽ പക്ഷികൾക്ക് ഭക്ഷണമായിരുന്ന ഞാവൽ പഴം ഇന്ന് നഗരങ്ങളിലെ വിപണിയിൽ താരമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

