സംസ്ഥാനത്ത് നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഫണ്ടിൽ കൃത്രിമവും ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ വ്യക്തമാക്കി. കൃത്യമായ പരിശോധനകളും ഓഡിറ്റും നടക്കുന്നതുകൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ഇതിന്റെ അടിസ്ഥാനത്തിൽ ചില വ്യക്തികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, എന്നാൽ മറ്റു രാഷ്ട്രീയ പാർട്ടികളിൽ ഇത്തരം സുതാര്യമായ ഓഡിറ്റ് സംവിധാനങ്ങൾ നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിപിഎം നേതാവ് പി.പി.
ദിവ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
പി.പി. ദിവ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മുതിർന്ന നേതാവ് പി.കെ.
കൃഷ്ണദാസ് നടത്തിയ പ്രസ്താവനയെ കെ.സുരേന്ദ്രൻ പൂർണ്ണമായും തള്ളിപ്പറഞ്ഞു. കൃഷ്ണദാസ് അത്തരത്തിൽ സംസാരിച്ചിട്ടുണ്ടാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പി.പി.
ദിവ്യ ആരാണെന്നും അവരുടെ പശ്ചാത്തലം എന്താണെന്നും ചോദ്യം ചെയ്തു. അവരൊരു വലിയ അഴിമതിക്കാരിയാണെന്നും, അത്തരം കുറ്റവാളികൾക്ക് പാർട്ടിയിലേക്ക് കടന്നുവരാൻ ഇത് വഴിയമ്പലമല്ലെന്നും വ്യക്തമാക്കിയ സുരേന്ദ്രൻ, ദിവ്യയെ ഒരു കാരണവശാലും ബിജെപിയിൽ പ്രവേശിപ്പിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് അർഹമായ നീതി ലഭ്യമാക്കാൻ രാഷ്ട്രീയ രംഗത്ത് ഏറ്റവുമധികം പോരാടിയത് ബിജെപി ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗവർണർ പദവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട
ചോദ്യത്തിന് തനിക്ക് അതിനുള്ള പ്രായമായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തനിക്ക് ഇപ്പോൾ 56 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെന്നും, പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് എന്നതിലുപരി താനൊരു ജൂനിയർ പ്രവർത്തകൻ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താൻ അത്തരത്തിലുള്ള ഒരു പദവിയും മോഹിച്ചിട്ടില്ല. രാജ്യസഭാ എം.പി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രാജ്യസഭയിൽ ഒഴിവുകൾ വരേണ്ടതുണ്ടല്ലോ എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

