കേരളത്തിന്റെ മലയോര മേഖലയിൽ നിന്ന് മാതൃകാപരമായ ഒരു പുതിയ ചുവടുവെപ്പ്. മഴവെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം കണ്ണൂർ ജില്ലയിലെ കേളകത്ത് പ്രവർത്തനം ആരംഭിക്കുന്നു.
പശ്ചിമഘട്ടത്തിലെ വനമേഖലയിൽ നിന്ന്, മഴവെള്ളം ഭൂമിയിൽ പതിക്കും മുൻപ് പ്രത്യേക രീതിയിൽ ശേഖരിച്ച് റിവേഴ്സ് ഓസ്മോസിസ് (ആർ.ഒ) പ്രക്രിയയിലൂടെ ശുദ്ധീകരിച്ച് വിപണിയിൽ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യുഎസിലെ ‘റിച്ചഡ്സ് റെയിൻവാട്ടർ’ ആണ് ലോകത്ത് ആദ്യമായി ഇത്തരത്തിൽ മഴവെള്ളം ബോട്ടിലിലാക്കി വിപണിയിലെത്തിച്ച കമ്പനി.
ഈ മാതൃക പിന്തുടർന്ന് ലോകത്ത് രണ്ടാമത്തെയും, ഏഷ്യയിലെ ആദ്യത്തെയും സംരംഭത്തിനാണ് കണ്ണൂരിൽ തുടക്കക്കമിട്ടിരിക്കുന്നത് എന്ന് പദ്ധതിയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി. കേരള റെയിൻ വാട്ടർ ഹാർവെസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ നൂതന ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
റിജോ ചാക്കോ മാനേജിങ് ഡയറക്ടറായും, ജെയ്സൺ ജോസഫ്, റോബിൻ സി ജോയ്, ഡിബിൻ സി ബെന്നി, ബെന്നി സി മാത്യു എന്നിവർ ഡയറക്ടർമാരുമായുമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ലാറ്റിൻ ഭാഷയിൽ മഴ എന്ന അർഥം വരുന്ന ‘പ്ലൂവിയ’ (Pluvia) എന്നാണ് ഈ മഴവെള്ള ബ്രാൻഡിന് പേരിട്ടിരിക്കുന്നത്.
ആദ്യഘട്ടത്തിൽ വിദേശ വിപണിയിലേക്ക് ഉൽപ്പന്നം കയറ്റി അയയ്ക്കാനും, ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിൽ ഇത് ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളങ്ങൾ, പ്രീമിയം ഹോട്ടലുകൾ, വൻകിട
സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും വിപണനം നടത്തുക. ഇതിനായുള്ള പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

