പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇൻഡ്യാ മുന്നണിയിലെ പ്രധാന കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള ഭിന്നത പരസ്യമായ ഏറ്റുമുട്ടലിലേക്ക്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ മദ്യപാന ആരോപണത്തിന് പിന്നാലെ, രാഹുലിനെതിരെ രൂക്ഷമായ വ്യക്തിഗത അധിക്ഷേപങ്ങളുമായി എഎപി രംഗത്തെത്തി.
ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആം ആദ്മി പാർട്ടി പോസ്റ്ററുകൾ പുറത്തിറക്കി. രാഹുൽ ഇടയ്ക്കിടെ തായ്ലൻഡിലേക്ക് യാത്ര ചെയ്യുന്നത് എന്തിനാണെന്ന ചോദ്യവും എഎപി ഉയർത്തുന്നുണ്ട്.
ഇരു പാർട്ടികളും തമ്മിലുള്ള ഈ രാഷ്ട്രീയ പോര് ഇപ്പോൾ പൂർണ്ണമായും വ്യക്തിപരമായ ആക്രമണങ്ങളുടെ തലത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. നവംബർ നാലിന് സംഗ്രൂരിൽ നടന്ന കോൺഗ്രസിന്റെ ഇൻസാഫ് റാലിക്കിടെയാണ് ഇരുവിഭാഗങ്ങൾക്കുമിടയിലെ വാക്പോരിന് തുടക്കമായത്.
എഎപിക്കും മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു രാഹുൽ ഗാന്ധി ഇവിടെ ഉന്നയിച്ചത്. പാർലമെന്റിൽ അംഗമായിരിക്കെ ഭഗവന്ത് മൻ രാവിലെ പതിനൊന്ന് മണിക്ക് പോലും മദ്യപിച്ച നിലയിലായിരുന്നു എത്തിയിരുന്നതെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമർശനം.
ഈ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: “പാർലമെന്റിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഇരുന്ന് തമാശകൾ പറയുമായിരുന്നു. രാവിലെ 11 മണിക്ക് അദ്ദേഹത്തിന് മദ്യത്തിന്റെ മണമായിരുന്നു.
അദ്ദേഹം മദ്യപിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്.
എന്നാൽ സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്ത് അവസാനിപ്പിക്കേണ്ട ഒരു മുഖ്യമന്ത്രി, എല്ലാ ദിവസവും ലഹരിയിലാകരുത്”. പഞ്ചാബിൽ മയക്കുമരുന്ന് മാഫിയയെ തടയുന്നതിൽ എഎപി സർക്കാർ പൂർണ്ണ പരാജയമാണെന്നും, മുഖ്യമന്ത്രി ഭഗവന്ത് മൻ വെറുമൊരു നോക്കുകുത്തി മാത്രമാണെന്നും ഡൽഹിയിലിരുന്നാണ് പഞ്ചാബ് ഭരിക്കുന്നതെന്നും രാഹുൽ റാലിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ തികച്ചും നിലവാരമില്ലാത്തതാണെന്നും വ്യക്തിപരമായ അധിക്ഷേപമാണെന്നും എഎപി ഡൽഹി കൺവീനർ സൗരഭ് ഭരദ്വാജ് തിരിച്ചടിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും മുൻപ് ഒട്ടനവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും എന്നാൽ യാതൊരുവിധ തെളിവുകളുമില്ലാതെ ഇത്രത്തോളം താഴേക്ക് തരംതാഴ്ന്ന പ്രസ്താവനകൾ നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളെ വിമർശിക്കുന്നതിന് പകരം പ്രതിപക്ഷ കക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി ലക്ഷ്യമിടുന്നത് കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് സംശയമുണർത്തുന്നുവെന്നും എഎപി നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

