തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറയില്‍ നടന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാം വധക്കേസിൽ അറസ്റ്റിലായ ഐശ്വര്യ പൊലീസിന് നൽകിയിരിക്കുന്നത് അതിപ്രധാനമായ വിവരങ്ങളാണ്. കുറ്റകൃത്യത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ചാക്കിലാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നശിപ്പിച്ചു കളയാനായിരുന്നു പ്രതികളുടെ പദ്ധതി എന്നാണ് രണ്ടാം പ്രതി ഉമറിന്റെ കാമുകിയായ ഐശ്വര്യയുടെ മൊഴി വ്യക്തമാക്കുന്നത്.
അഭിരാം മരണപ്പെട്ടു എന്ന് പൂര്‍ണ്ണമായും ഉറപ്പുവരുത്തിയ ശേഷമാണ് കേസിൽ ഒന്നാം പ്രതിയായ പതിനേഴുകാരൻ ശ്രീകാര്യത്തെ ഒരു ആക്രിക്കടയിൽ എത്തിച്ച് 30 രൂപ നൽകി പ്ലാസ്റ്റിക് ചാക്ക് വാങ്ങിയത്. ഈ ചാക്കിൽ മൃതദേഹം കയറ്റി വാഹനത്തിൽ കയറ്റി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു ലക്ഷ്യമിട്ടത്.
എന്നാൽ നിർഭാഗ്യവശാൽ അന്ന് രാത്രി പ്രദേശത്ത് പെയ്ത കനത്ത മഴ ഈ പദ്ധതിയെ പൂർണ്ണമായും തകിടംമറിച്ചു. തുടർന്ന് മൃതദേഹം മാറ്റാൻ സാധിക്കാതെ വന്നതോടെ, കൊലപാതകം നടന്ന വിജനവും കാടുപിടിച്ചതുമായ സ്ഥലത്ത് തന്നെ ചാക്കിൽ പൊതിഞ്ഞ നിലയിൽ ഉപേക്ഷിച്ച് പ്രതികൾ സ്ഥലം വിടുകയായിരുന്നു.
ശ്രീകര്യത്തെ കടയിലെ വ്യാപാരി ഈ പതിനേഴുകാരനെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ കസ്റ്റഡിയിലെടുത്ത നാല് പ്രതികളും ഒന്നിനൊന്ന് വ്യത്യസ്തമായ മൊഴികളാണ് അന്വേഷണ സംഘത്തിന് മുന്നിൽ നൽകിയിരിക്കുന്നത്.
കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 22 കാരനായ ഉമർ ആണ് ഈ കൊലപാതകത്തിന്റെ മുഴുവൻ സൂത്രധാരൻ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളെയും അഭിരാമിനെയും പ്രതികൾ നേരത്തെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട
കുട്ടിയുടെ സുഹൃത്തും മൊഴി നൽകിയിട്ടുണ്ട്. ചില സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
എങ്കിലും ഈ വാദം പൊലീസ് പൂർണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. കൊല്ലപ്പെട്ട
അഭിരാം, പ്രതികൾ എന്നിവരുടെ മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തിൽ വലിയ തടസ്സമായി മാറിയിട്ടുണ്ട്. കൃത്യം നടന്ന സ്ഥലത്തേക്ക് പ്രതികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.
സിസിടിവി ക്യാമറകളുടെ കണ്ണുവെട്ടിക്കാൻ അതീവ ജാഗ്രതയോടെ ഉൾപ്രദേശങ്ങളിലെ വഴികളിലൂടെയാണ് ഇവർ സഞ്ചരിച്ചത്. മാത്രമല്ല, സംഭവം നടക്കുന്ന സമയത്ത് താൻ വീട്ടിൽ തന്നെയുണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാനായി ഉമർ തന്റെ ഫോൺ വീട്ടിൽ തന്നെ ഓൺ ചെയ്തു വെച്ചിരുന്നതും പൊലീസിനെ വഴിതെറ്റിക്കാൻ ലക്ഷ്യമിട്ടായിരുന്നു.
നേരത്തെ ഒന്നാം പ്രതിയായ പതിനേഴുകാരനൊപ്പം ചേർന്ന് നടത്തിയ വിവിധ മോഷണങ്ങളിലും പ്രധാന ആസൂത്രകൻ ഉമർ തന്നെയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരസ്പരം ആശയവിനിമയം നടത്തുവാൻ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് പതിനേഴുകാരന് നിർദ്ദേശം നൽകിയതും ഇയാളാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ മറയാക്കി നിരവധി കവർച്ചകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. വീടുകളുടെ വാതിലുകൾ തകർത്തു മാത്രം അകത്തുകയറുന്നതാണ് ഇയാളുടെ പ്രത്യേക രീതിയെന്നും, അങ്ങേയറ്റം അക്രമസ്വഭാവത്തോടെയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുള്ളതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

