ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയ കണ്ണൂർ സ്വദേശിനിയെ കൊലപ്പെടുത്തിയത് ഒപ്പമുണ്ടായിരുന്ന ഇരട്ട സഹോദരിയാണെന്ന് കണ്ടെത്തി.
കണ്ണൂർ കുടിലിൽ തലമുണ്ട കറുവ സവിത (45)യെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട
സഹോദരി സജിതയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സത്രത്തിലെ മുറിയിൽ ബുധനാഴ്ചയാണ് സവിതയുടെ മൃതദേഹം കണ്ടെത്തിയത്.
ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കരുതൽ തടങ്കലിലുണ്ടായിരുന്ന സഹോദരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സവിതയുടെ തല ഭിത്തിയിലിടിച്ചതായും മുഖത്തു വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും സജിത പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ കൊലപാതകത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സഹോദരിയെ കൊല്ലണമെന്നു തനിക്ക് തോന്നിയെന്നാണു പ്രതിയുടെ മൊഴിയിൽ പറയുന്നത്.
കഴിഞ്ഞ 29-ാം തീയതിയാണ് സവിതയും സജിതയും സഹോദരൻ സുധീർ കുമാറിനൊപ്പം ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയത്. സത്രത്തിലെ ഒരു മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്.
എന്നാൽ സഹോദരിമാർ തമ്മിലുണ്ടായ തർക്കവും അക്രമവും താൻ അറിഞ്ഞില്ലെന്നും താൻ ഗാഢമായ ഉറക്കത്തിലായിരുന്നെന്നുമാണ് സുധീർ പൊലീസിന് നൽകിയ മൊഴി. കൊലപാതകം നടന്ന മുറി പിന്നീട് വൃത്തിയാക്കിയ നിലയിലാണ് കാണപ്പെട്ടത്.
ബുധനാഴ്ച രാവിലെ സഹോദരി സവിത കട്ടിലിൽ നിന്നു താഴെ വീണുകിടക്കുകയാണെന്നും യാതൊരു അനക്കവുമില്ലെന്നും സുധീർ തന്നെയാണ് സത്രം ജീവനക്കാരെ അറിയിച്ചത്. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
മൃതദേഹത്തിൽ പരിക്കുകളും കടിയേറ്റ പാടുകളും കണ്ടതോടെ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്.
ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐമാരായ നന്ദു എസ്.നായർ, പൗലോസ്, സുനിൽ സാമുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പോസ്റ്റ്മോർട്ട
നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരേതരായ കുറുവ കുഞ്ഞിക്കണ്ണന്റെയും തേമ്പാരി നളിനിയുടെയും മകളാണ് സവിത.
ഭർത്താവ്: സജിത്ത്. മക്കൾ: സച്ചിൻ, സാരംഗ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

