ഓക്ലൻഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് മൂന്ന് റൺസിന്റെ ആവേശകരമായ വിജയം. ഓക്ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ്, നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു.
വെറും 28 പന്തിൽ 78 റൺസ് അടിച്ചുകൂട്ടിയ മാർക് ചാപ്മാനാണ് കിവീസിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ വിൻഡീസിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു.
ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നറും ഇഷ് സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിലെ ത്രില്ലറിൽ 16 റൺസായിരുന്നു വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്.
ക്രീസിൽ റോവ്മാൻ പവലും മാത്യൂ ഫോർഡെയും. കെയ്ൽ ജെയ്മിസൺ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ നിന്ന് (ഒരു നോബോൾ ഉൾപ്പെടെ) ഇരുവരും ചേർന്ന് രണ്ട് ബൗണ്ടറിയടക്കം 10 റൺസ് നേടി.
എന്നാൽ നാലാം പന്തിൽ അപകടകാരിയായ പവലിനെ പുറത്താക്കി ജെയ്മിസൺ മത്സരത്തിലേക്ക് തിരികെവന്നു. അവസാന രണ്ട് പന്തിൽ ജയിക്കാൻ ആറ് റൺസ് വേണമെന്നിരിക്കെ, അഞ്ചാം പന്തിൽ അകെയ്ൽ ഹൊസെയ്ന് ഒരു റൺ മാത്രമാണ് നേടാനായത്.
അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ ഫോർഡെയ്ക്ക് ഒരു റൺ നേടാൻ മാത്രമേ സാധിച്ചുള്ളൂ. വിൻഡീസ് നിരയിൽ 45 റൺസെടുത്ത റോവ്മാൻ പവലാണ് ടോപ് സ്കോറർ.
റൊമാരിയോ ഷെപ്പേർഡ് (34), പുറത്താവാതെ 29 റൺസെടുത്ത മാത്യൂ ഫോർഡെ, അലിക് അതനാസെ (33), ഷായ് ഹോപ്പ് (24) എന്നിവരും മികച്ച പ്രകടനം നടത്തി. ജേസൺ ഹോൾഡറാണ് (16) രണ്ടക്കം കടന്ന മറ്റൊരു താരം.
ബ്രണ്ടൻ കിംഗ് (0), അക്കീം അഗസ്റ്റെ (7), റോസ്റ്റൺ ചേസ് (6) എന്നിവർ നിരാശപ്പെടുത്തി. അകെയ്ൽ ഹൊസെയ്ൻ (1) ഫോർഡെയ്ക്കൊപ്പം പുറത്താവാതെ നിന്നു.
ജേക്കബ് ഡഫിയും ജെയ്മിസണും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, മാർക് ചാപ്മാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ന്യൂസിലൻഡ് ഇന്നിംഗ്സിന് കരുത്തായത്.
28 പന്തുകൾ നേരിട്ട ചാപ്മാൻ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെയാണ് 78 റൺസ് നേടിയത്.
ടിം റോബിൻസൺ (39), ഡാരിൽ മിച്ചൽ (14 പന്തിൽ 28*) എന്നിവരും മികച്ച പിന്തുണ നൽകി. ഡെവോൺ കോൺവെ (16), രചിൻ രവീന്ദ്ര (11), മൈക്കിൾ ബ്രേസ്വെൽ (5) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
മിച്ചൽ സാന്റ്നർ (18) പുറത്താവാതെ നിന്നു. വിൻഡീസിനായി റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

