എറണാകുളം കളമശ്ശേരിയിലെ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപതുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അതിജീവിതയുടെ ഭർത്താവ്. ജോലി കഴിഞ്ഞ് താൻ വീട്ടിലെത്തിയപ്പോൾ കണ്ടത് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലുള്ള ഭാര്യയെയാണെന്ന് ഭർത്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കടുത്ത ശാരീരിക പീഡനമാണ് തന്റെ പങ്കാളി നേരിട്ടതെന്നും ഐസ് ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഭർത്താവ് പറയുന്നതങ്ങനെ: “രാവിലെ 7.30ന് തന്നെ വിളിച്ച് ഇന്റർവ്യു ഉള്ള കാര്യം പറഞ്ഞിരുന്നു.
താൻ പോകാനും പറഞ്ഞു. ഒരു 10 മണിക്കുള്ളിൽ തിരിച്ച് വന്നു.
ജോലി കിട്ടിയെന്നും ജോലി സ്ഥലവും സാലറിയെക്കുറിച്ചുമെല്ലാം തന്നോട് പറഞ്ഞു. പിന്നീട് രാത്രി പുറത്ത് പോകുന്ന കാര്യം പറഞ്ഞു.
പലതവണ ഫോൺ വിളിച്ചിട്ടും കിട്ടാതായതോടെ ഹൌസ് ഓണറെ വിവരം അറിയിച്ചു. അവർ വന്ന് വീട്ടിൽ നോക്കുമ്പോൾ ആളില്ലായിരുന്നു.
പിറ്റേ ദിവസമാണ് ഭാര്യയെ ഫോണിൽ കിട്ടിയത്. കൂട്ടുകാരിയുടെ അടുത്ത് പോയതാണെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്.
താൻ വീട്ടിലെത്തിയപ്പോൾ ഭാര്യയെ കണ്ട് ഞെട്ടി. മുഖത്ത് വീർത്തിരിക്കുകയായിരുന്നു.
ശരീരത്തിൽ മുറിവുകളും കണ്ടു. തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പറയുന്നത്.” നാല് പേർക്ക് പുറമെ കൂടുതൽ ആളുകൾ ലോഡ്ജിൽ എത്തിയിരുന്നുവെന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി ഭർത്താവ് കൂട്ടിച്ചേർത്തു.
താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇറങ്ങി ഓടുകയായിരുന്നുവെന്നും ഭാര്യ തന്നോട് പറഞ്ഞു. ദളിത് വിഭാഗത്തിൽപ്പെട്ട
യുവതിയാണ് അതിക്രമത്തിന് ഇരയായതെന്നും നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലുള്ള അതിജീവിത ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചിയിലെ സ്പായിൽ മാനേജരായി ആളെ ആവശ്യമുണ്ടെന്ന ഒഎൽഎക്സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ ബന്ധപ്പെടുന്നത്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ സ്വദേശി ശ്രീരാജ് വഴിയാണ് സ്പായിലെ ജോലിക്ക് അപേക്ഷിച്ചത്.
ശ്രീരാജ് ആണ് ഇതിന്റെ പ്രധാന കോൺടാക്ട് പോയിന്റ് എന്നും യുവാവ് പറയുന്നു. കഴിഞ്ഞ മാസം രണ്ടാം തീയതി പകൽ പത്തടിപ്പാലത്തെ സ്പായിൽ അഭിമുഖത്തിനെത്താൻ ആവശ്യപ്പെടുകയായിരുന്നു.
തിരികെ വീട്ടിലെത്തിയ യുവതിയെ വൈകുന്നേരം ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചുവരുത്തി. ആദ്യം മദ്യം നൽകിയ ശേഷം നിർബന്ധിച്ച് ലഹരിമരുന്ന് നൽകി.
യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടയുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയും ലൈംഗിക അതിക്രമം നടത്തിയെന്നാണ് മൊഴിയിലുള്ളത്. പ്രതികളിൽ ഒരാൾ കൊച്ചിയിലെ നാല് സ്പാകളുടെ നടത്തിപ്പുകാരനാണെന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ കേസിൽ ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെയാണ് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

