മൂന്നാർ മേഖലയിൽ കഴിഞ്ഞ ഒരു മാസമായി കാട്ടാനകളുടെ സാന്നിധ്യം അതിരൂക്ഷമായി തുടരുന്നതായി റിപ്പോർട്ട്. ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടങ്ങൾ നിലയുറപ്പിച്ചിരിക്കുന്നതിനാൽ വീടുകൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് തോട്ടം തൊഴിലാളികളും പ്രദേശവാസികളും.
കഴിഞ്ഞ ആഴ്ച പടയപ്പയെ തുരത്താൻ എത്തിയ രണ്ട് ദ്രുതകർമ സേനകളുടെ വാഹനങ്ങളെയും ആന അര കിലോമീറ്ററോളം പിന്നിലേക്ക് വിരട്ടി ഓടിക്കുകയുണ്ടായി. സെവൻമല എസ്റ്റേറ്റിലെ ഓൾഡ് മൂന്നാർ ഡിവിഷൻ, പെരിയവര എസ്റ്റേറ്റിലെ ആനമുടി ഡിവിഷൻ, പെരിയവര, അരുവിക്കാട് എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷൻ, കന്നിമലടോപ്, ദേവികുളം ലാക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകളുടെ ശല്യം ജനജീവിതം സ്തംഭിപ്പിച്ചിരിക്കുന്നത്.
പ്രദേശത്ത് പടയപ്പ, വിരിഞ്ഞ കൊമ്പൻ തുടങ്ങിയ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിന്മാറാതെ കൃഷികൾ വ്യാപകമായി നശിപ്പിച്ച് കറങ്ങിനടക്കുകയാണ്. ആനമുടി ഡിവിഷനിൽ ഒരു കുട്ടിയാന ഉൾപ്പെടെ അഞ്ച് ആനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്.
അരുവിക്കാട് വെസ്റ്റ് ഡിവിഷനിൽ കൊമ്പൻ ഉൾപ്പെടെ ഏഴ് ആനകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് പ്രധാനമായും പടയപ്പയുടെ ശല്യമുള്ളത്.
കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി നെറ്റിമേട്ടിൽ ഗതാഗതം തടസ്സപ്പെടുത്തിയ പടയപ്പയെ തുരത്താനായി മൂന്നാർ, പെട്ടിമുടി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ദ്രുതകർമ സംഘങ്ങൾ രണ്ട് വാഹനങ്ങളിലായി സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഈ രണ്ട് വാഹനങ്ങളും അര കിലോമീറ്റർ പിന്നിലേക്ക് ഓടിച്ച ശേഷമാണ് ആന പിന്മാറിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ആനകൾ വീതമുള്ള രണ്ട് സംഘങ്ങൾ പ്രദേശത്തെ കൃഷികളും വീടുകളുടെ ഗേറ്റുകളും ചെടിച്ചട്ടികളും മറ്റ് ഉപകരണങ്ങളും പൂർണ്ണമായി നശിപ്പിച്ചിട്ടുണ്ട്. ദേവികുളം, മൂന്നാർ മേഖലകളിലായി രാപ്പകലില്ലാതെ ഇരുപതോളം ആനകളാണ് ജനവാസ മേഖലകളിൽ തമ്പടിച്ചിരിക്കുന്നത്.
കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതു കാരണം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് എസ്റ്റേറ്റ് റോഡുകളിലൂടെ നടന്നു പോകാൻ പോലും കഴിയാത്ത ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

