ദുബായ്: മാപ്പിളപ്പാട്ട് ഗായകനും പ്രവാസലോകത്തെ സുപരിചിതനായ കലാകാരനുമായ നിസാർ വയനാടിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സംഗീതാസ്വാദകരും പ്രവാസികളും. ശനിയാഴ്ച വൈകുന്നേരം ദുബായ് മൻഖൂർ ആശുപത്രിയിലായിരുന്നു അന്ത്യം.
സംഗീത പരിപാടികളിൽ പങ്കെടുക്കാനായി കഴിഞ്ഞ മാസം ദുബായിൽ എത്തിയ അദ്ദേഹം, പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സൗദിയിലും ദുബായിലുമായി നിരവധി പുതിയ പരിപാടികൾ നടക്കാനിരിക്കെയാണ് ഈ ദുരന്തം.
വയനാട് കൽപറ്റ കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. മാപ്പിളപ്പാട്ടുകളിലൂടെയും പ്രശസ്ത ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ഗാനങ്ങളിലൂടെയും മലയാളി മനസ്സുകളിൽ ഇടംനേടിയ ഗായകനാണ് അദ്ദേഹം.
നിരവധി ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
രണ്ടാഴ്ച മുൻപാണ് സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനായി അദ്ദേഹം യു.ഇ.എയിലേക്ക് എത്തിയത്. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ പ്രമുഖ സ്റ്റേജ് ഷോ സംഘാടകൻ ബെൻസറിന്റെ പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം പ്രധാനമായും എത്തിയത്.
ബർദുബായിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ താമസിച്ച് വിവിധ വേദികളിൽ കലാപരിപാടികൾ അവതരിപ്പിച്ചു വരികയായിരുന്നു. ഞായറാഴ്ച ബർദുബായിലെ പുതിയ കടയുടെ ഉദ്ഘാടനത്തിലും തുടർന്ന് അജ്മാനിൽ നടക്കാനിരുന്ന പരിപാടികളിലും അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മാപ്പിളപ്പാട്ട്, നാടൻപാട്ട് രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നൂറുകണക്കിന് വേദികളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി. സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
ബെൻസർ സംഘടിപ്പിച്ച എഴുപത്തഞ്ചോളം സ്റ്റേജ് ഷോകളിൽ പ്രധാന ഗായകനായിരുന്നു നിസാർ വയനാട്. ഭാര്യ: ഷഹന നിസാർ.
മക്കൾ: സിംബ്രീന, അംബ്രീന. മാതാവ്: സൈനബ.
സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

