സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ എളുപ്പമാക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന ചില പുതിയ ക്രമീകരണങ്ങൾ ശ്രദ്ധ നേടുന്നു. കാഴ്ചാ വൈകല്യമുള്ളവർക്കും കേൾവിശേഷിയില്ലാത്തവർക്കും വേണ്ടിയാണ് സാധാരണയായി ഫോണുകളിലെ ആക്സസിബിലിറ്റി (Accessibility) ക്രമീകരണങ്ങൾ ഉപയോഗിക്കാറുള്ളതെങ്കിലും, ഇതിലുള്ള ചില പ്രത്യേക ഫീച്ചറുകൾ സാധാരണ ഉപയോക്താക്കളുടെയും ഫോൺ ഉപയോഗം വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.
ഹാർഡ്വേർ മാറ്റങ്ങളോ പ്രൊസസർ വേഗതയോ വർദ്ധിപ്പിക്കാതെ തന്നെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന വേഗത കൂട്ടാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കും. വോളിയം – പവർ ബട്ടണുകൾ ഒരുമിച്ച് അമർത്താതെ തന്നെ സ്ക്രീൻഷോട്ട് എടുക്കാൻ ആക്സസിബിലിറ്റി മെനു സഹായിക്കും.
കൂടാതെ സ്ക്രീനിന്റെ മുകളിൽ നിന്നും താഴേക്ക് സ്വൈപ്പ് ചെയ്യുന്നതിന് പകരം ഒരു ടാപ്പിലൂടെ ക്വിക്ക് സെറ്റിങ്സ് (Quick Settings) തുറക്കാനും ഇതിലൂടെ സാധിക്കും. ഫോണിന്റെ പ്രോസസിങ് വേഗത കൂട്ടുകയല്ല, മറിച്ച് ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രവർത്തികൾ വേഗത്തിൽ ചെയ്തു തീർക്കാൻ സഹായിക്കുകയാണ് ഈ ഫീച്ചറുകൾ ചെയ്യുന്നത്.
ആൻഡ്രോയിഡ് ഫോണുകളിൽ Settings > Accessibility > Text and display അല്ലെങ്കിൽ Color and motion എന്ന ഭാഗത്ത് ചെന്ന് Remove Animations എന്ന ഓപ്ഷൻ ഓൺ ചെയ്യുന്നത് വഴി അനാവശ്യമായ ട്രാൻസിഷൻ അനിമേഷനുകൾ ഒഴിവാക്കാം. ഇത് പ്രൊസസർ വേഗതയെ ബാധിക്കില്ലെങ്കിലും, അനിമേഷനുകൾ തീരുന്നതുവരെ കാത്തിരിക്കേണ്ടി വരുന്ന സമയം ലാഭിക്കാൻ സഹായിക്കും.
സാംസങ് ഫോൺ ഉപയോഗിക്കുന്നവർക്കായി Settings > Accessibility > Vision enhancements എന്ന വിഭാഗത്തിൽ ചെന്ന് Reduce Transparency and Blur എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് നോട്ടിഫിക്കേഷൻ പാനലിലെയും ആപ്പ് പോപ്പ്-അപ്പുകളിലെയും ബ്ലർ ഇഫക്റ്റുകൾ കുറച്ച് ഫോൺ ഇന്റർഫേസ് കൂടുതൽ വ്യക്തതയുള്ളതാക്കുന്നു.
കൂടാതെ ആൻഡ്രോയിഡ് 16-ൽ ലഭ്യമായ High Contrast Text അല്ലെങ്കിൽ Outline Text ഫീച്ചർ ഉപയോഗിക്കുന്നത് വഴി ഫോണിലെ ഫോണ്ടുകൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയും, ബട്ടണുകളും വിവരങ്ങളും വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യും. ബെഞ്ച്മാർക്ക് ടെസ്റ്റുകളിലെ സ്കോറുകൾ ഉയർത്തില്ലെങ്കിലും, ദൈനംദിന സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ സുഗമമാക്കാൻ ഈ ക്രമീകരണങ്ങൾ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

