രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
2021 മുതൽ ഇതുവരെ എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്നതിനും ഓരോ വർഷവും യാത്രയ്ക്കായി ചെലവായ തുക എത്രയെന്നതിനും മന്ത്രാലയം വിശദമായ കണക്കുകൾ നൽകി. മന്ത്രാലയം പുറത്തുവിട്ട
കണക്കുകൾ പ്രകാരം 2021ൽ വിദേശയാത്രയ്ക്കായി ചെലവായ തുക 36 കോടി രൂപയായിരുന്നു. തുടർന്ന് 2022ൽ ഇത് 55 കോടി രൂപയായും, 2023ൽ 93 കോടിയായും വർധിച്ചു.
2024ൽ ചെലവ് 109 കോടി രൂപയിലെത്തിയപ്പോൾ 2025ൽ അത് 180 കോടി രൂപയായി ഉയർന്നു. ഇതുപ്രകാരം 2021നെ അപേക്ഷിച്ച് ചെലവിൽ അഞ്ച് മടങ്ങിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കൂടാതെ 2026ൽ ഇതുവരെ 74.58 കോടി രൂപയും യാത്രയ്ക്കായി ചെലവായിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ നോർവേ ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച വേളയിൽ മാത്രം 17.46 കോടി രൂപയായിരുന്നു ചെലവ്.
ഇതുവഴി 2021 മുതൽ ഇതുവരെയുള്ള മൊത്തം വിദേശയാത്രാച്ചെലവ് ഏകദേശം 550 കോടി രൂപയോടടുത്തെത്തിയിരിക്കുകയാണ്. സന്ദർശിച്ച രാജ്യങ്ങളുടെ കണക്കുകൾ 2021 മുതൽ ഇതുവരെ 65 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചിട്ടുള്ളത്.
ഈ ഔദ്യോഗിക സന്ദർശനങ്ങളുടെ ഭാഗമായി ആകെ 316 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധം, ഡിജിറ്റൽ ടെക്നോളജി, ആരോഗ്യസേവനം, വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സെമികണ്ടക്ടർ (ചിപ്), ബഹിരാകാശ സഹകരണം, കാർഷികം, സാംസ്കാരിക വിനിമയം തുടങ്ങിയ വിവിധ മേഖലകളിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ളതാണ് ഈ കരാറുകൾ.
കൂടാതെ, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി (FDI) 38,180 കോടി ഡോളർ (35 ലക്ഷം കോടിയിലധികം രൂപ) എത്തിച്ചേർന്നിട്ടുണ്ടെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

