കോഴിക്കോട് ജില്ലയിലെ വടകരയിൽ എംഡിഎംഎ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലകയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയെയാണ് (31) വടകര എൻഡിപിഎസ് കോടതി പൊലീസ് കസ്റ്റഡിയിൽ അനുവദിച്ച് ഉത്തരവിട്ടത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. ലഹരിമരുന്ന് ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ബാലൻസിലാണെന്നും കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ കീർത്തന പ്രതികരിച്ചു.
ഗ്രാമീണ ബാങ്കിലും കൊയിലാണ്ടി കാനറ ബാങ്കിലുമുള്ള അക്കൗണ്ടുകളിൽ ലോൺ അടവുകൾ മാത്രമാണുള്ളതെന്നും താനൊരു അധ്യാപികയും ഒരു ആൺകുട്ടിയുടെ അമ്മയുമാണെന്നും അവർ പറഞ്ഞു. ലഹരി ഇടപാടുകളിൽ പങ്കാളിയല്ലെന്നും ഈ സത്യം മാധ്യമങ്ങളെങ്കിലും മനസ്സിലാക്കണമെന്നും കീർത്തന കൂട്ടിച്ചേർത്തു.
എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിലെ മുഖ്യപ്രത്രിയെന്നു സംശയിക്കുന്ന ഷിന്റോ ഷിബുവിനെ (22) കണ്ടെത്താൻ കീർത്തനയിൽ നിന്നും നിർണ്ണായക വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കീർത്തനയ്ക്ക് കേസുമായി ബന്ധമില്ലെന്നും പിടിയിലായ കാവ്യയുമായി 5,000 രൂപയുടെ ഒരേയൊരു ഇടപാട് മാത്രമാണ് നടത്തിയതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കാവ്യയുടെ ആൺസുഹൃത്തിന് അത്യാവശ്യമായതിനാൽ പണം കടം നൽകിയതാണെന്നായിരുന്നു അഭിഭാഷകന്റെ വിശദീകരണം.
പ്രതിക്ക് ലഹരിമരുന്ന് വിതരണ സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ കണ്ണികളെ കണ്ടെത്താൻ കസ്റ്റഡി ചോദ്യം ചെയ്യൽ അത്യന്താപേക്ഷിതമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ പേരിൽ ചെറുതും വലുതുമായ നിരവധി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും കോടതി രണ്ട് ദിവസത്തേക്ക് അനുമതി നൽകുകയായിരുന്നു. ഈ കേസിൽ കീർത്തനയ്ക്ക് പുറമെ ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപികയും കൂരാച്ചുണ്ട് ചെറുക്കാട് സ്വദേശിനിയുമായ കെ.
കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
പ്രതികൾക്ക് വയനാട് സ്വദേശികളുമായി ലഹരി ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിലുൾപ്പെട്ടതിന് പിന്നാലെ അധ്യാപികമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
കീർത്തനയെ ചോദ്യം ചെയ്ത ശേഷം കൂട്ടുപ്രതികളായ കാവ്യ, നീഷ്മ എന്നിവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

