2020 ഓഗസ്റ്റ് ആറ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച കറുത്ത ദിനമായിരുന്നു. തലേന്നുവരെ കുട്ടികളുടെ കളിചിരികളും നിത്യജീവിതത്തിന്റെ തിരക്കുകളുമുണ്ടായിരുന്ന മൂന്നാറിനടുത്ത പെട്ടിമുടിയിലെ ലയങ്ങൾ ഒരു രാത്രികൊണ്ട് ഓർമ്മയായി മാറി.
കനത്ത മഴയിൽ മലയിടിഞ്ഞ് കുത്തിയൊലിച്ചെത്തിയ മണ്ണും പാറയും കല്ലുകളും ഉറങ്ങിക്കിടന്ന തൊഴിലാളി കുടുംബങ്ങളുടെ ജീവനാണ് കവർന്നെടുത്തത്. ഏതാനും നിമിഷങ്ങൾക്കകം ഒരു ഗ്രാമത്തിന്റെ മുഴുവൻ ഹൃദയമിടിപ്പും നിലച്ചുപോകുകയായിരുന്നു.
വർഷങ്ങൾ പിന്നിടുമ്പോഴും മഴ പെയ്യുമ്പോഴൊക്കെ പെട്ടിമുടിയിലെ മണ്ണിൽ അന്ന് ഉയര്ന്ന നിലവിളികളുടെ പ്രതിധ്വനികൾ ഇന്നും ബാക്കിയാകുന്നു. കണ്ണൻദേവൻ കമ്പനിയുടെ തോട്ടം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ ദുരന്തഭൂമിയിൽ താമസിച്ചിരുന്നത്.
തമിഴ്നാട്ടിൽ നിന്നും മൂന്നാറിൽ നിന്നും സന്ദർശകരായി എത്തിയ ബന്ധുക്കളും അന്ന് അവിടെയുണ്ടായിരുന്നു. പ്രദേശത്ത് രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും, അന്നുവരെ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുകൾ ഒന്നും ഉണ്ടാകാത്തതിനാൽ ആരും തന്നെ വലിയൊരു അപകടത്തിന്റെ സാധ്യത മുൻകൂട്ടി കണ്ടിരുന്നില്ല.
രാത്രി വൈകി ജോലിയൊക്കെ കഴിഞ്ഞ് എല്ലാവരും അഗാധമായ ഉറക്കത്തിലായ സമയത്താണ് കുരുശുമല ഇടിഞ്ഞുവീണ് 70 മനുഷ്യജീവനുകൾ പൊലിഞ്ഞത്. പ്രദേശത്തെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തറുമാറിലായതിനാൽ ദുരന്തവിവരം പുറംലോകം അറിയാൻ വൈകി.
അടുത്തുള്ള മറ്റൊരു ഡിവിഷനിൽ താമസിച്ചിരുന്ന കണ്ണൻദേവൻ കമ്പനിയുടെ ജീവനക്കാരൻ പുലർച്ചെ സംഭവസ്ഥലത്തെത്തിയപ്പോഴാണ് നാശം നേരിട്ടുകണ്ടത്. തുടർന്ന് കിലോമീറ്ററുകളോളം നടന്ന് രാജമലയിലെത്തി അദ്ദേഹം കമ്പനി അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു.
അവരുടെ നേതൃത്വത്തിലാണ് പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുന്നത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കുന്നതായിരുന്നു അന്നത്തെ സാഹചര്യങ്ങൾ.
കനത്ത മഴയിൽ പെരിയവര പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് ദുരന്തസ്ഥലത്തേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിന് തടസ്സമായി. ഇതിനിടയിൽ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികൾ സ്വയം രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റ 12 പേരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
പിന്നീട് സർക്കാർ വകുപ്പുകൾ, ദുരന്തനിവരണ സേന, ജനപ്രതിനിധികൾ, നാട്ടുകാർ, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം ഒത്തൊരുമിച്ച് 19 ദിവസത്തോളം നീണ്ട തെരച്ചിലാണ് നടത്തിയത്.
അഞ്ഞൂറിലധികം പേരാണ് ഈ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പെട്ടിമുടിയിലെ കണ്ണൻദേവൻ കമ്പനി ആശുപത്രിക്ക് സമീപം വെച്ചാണ് പൂർത്തിയാക്കിയത്.
തുടർന്ന് സമീപത്തുള്ള മൈതാനത്ത് എല്ലാവരുടെയും സംസ്കാര ചടങ്ങുകൾ നടത്തി. പിന്നീട് കമ്പനിയുടെ നേതൃത്വത്തിൽ ഈ സ്ഥലത്ത് പ്രത്യേക കല്ലറകൾ നിർമ്മിച്ച്, ഓരോരുത്തരുടെയും പേരുകൾ ആലേഖനം ചെയ്ത മാർബിൾ ഫലകങ്ങളും സ്ഥാപിച്ചു.
ഇന്ന് പെട്ടിമുടിയിലെ ആ ദുരന്തഭൂമി കാടുകയറി കിടക്കുകയാണ്. ഈ ഡിവിഷനിൽ നിലവിൽ അതിഥി തൊഴിലാളികളാണ് പ്രധാനമായും ജോലിക്കായി എത്തിയിട്ടുള്ളത്.
അന്ന് (2020 ഓഗസ്റ്റ് 4 മുതൽ 7 വരെ) പെട്ടിമുടിയിൽ പെയ്തിറങ്ങിയത് 1594.7 മില്ലീമീറ്റർ മഴയാണ്. ദുരന്തമുണ്ടായ ഏഴാം തീയതി രാവിലെ അവസാനിച്ച 24 മണിക്കൂറിനുള്ളിൽ മാത്രം 616.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
മുൻകാലങ്ങളിൽ ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴയുടെ ഇരട്ടിയോളമാണ് അന്ന് പെട്ടിമുടിയിൽ പെയ്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

