മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ ഔദ്യോഗിക പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് രംഗത്ത്. തമിഴ്നാടിന്റെ ഈ തീരുമാനം തികച്ചും ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച മന്ത്രി, വിഷയം സംബന്ധിച്ച് തമിഴ്നാട് സർക്കാരുമായി ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ തലത്തിലുള്ള ചർച്ചകൾക്കായുള്ള സാധ്യതകൾ കേരളം തേടുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രമായ സുരക്ഷാ പരിശോധനകൾ ഒന്നും തന്നെ നടന്നിട്ടില്ല.
സുപ്രീംകോടതിയുടെ കൃത്യമായ നിർദ്ദേശപ്രകാരമാണ് പരമാവധി ജലനിരപ്പ് 142 അടി ആയി നിലനിർത്തുന്നത്. ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തുവാൻ കേരളത്തിനോ തമിഴ്നാടിനോ യാതൊരുവിധ അധികാരവുമില്ല.
ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ സ്വീകാര്യമാകുന്ന നിലപാടുകൾ സുപ്രീംകോടതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണം എന്നതാണ് കേരളത്തിന്റെ അടിയുറച്ച അഭിപ്രായം. സുരക്ഷിതമായ പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ പരമ്പരാഗതമായ നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്നും മന്ത്രി മോൻസ് ജോസഫ് ആവർത്തിച്ചു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികളുടെ അടിസ്ഥാനം, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം പറയുന്നത്.
മേഘദാതു പദ്ധതി പോലെയുള്ളവ സംസ്ഥാനത്തിന്റെ ജലാവകാശങ്ങളെ ബാധിച്ചേക്കാവുന്ന സാഹചര്യത്തിൽ അവയെ എതിർക്കുമെന്നും, തമിഴ്നാടിന്റെ ജലാവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുമെന്നും ബജറ്റിൽ പരാമർശിക്കുന്നുണ്ട്. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും കാത്തുസൂക്ഷിക്കും.
ദീർഘകാല ജലസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായി സർക്കാർ ഊർശസ്വലമായി പ്രവർത്തിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

