ഡെൻമാർക്കിൽ ചരിത്രപരമായ തീരുമാനവുമായി രാജകുടുംബം. 19 വയസ്സുള്ള ഇസബെല്ല രാജകുമാരി തന്റെ പതിനൊന്നു മാസത്തെ സൈനിക സേവനത്തിന് തുടക്കം കുറിച്ചു.
നിർബന്ധിത സൈനിക സേവനത്തിന് വിധേയയാകുന്ന രാജകുടുംബത്തിലെ പ്രഥമ വനിതയാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റ് 3നാണ് രാജകുമാരി ഔദ്യോഗികമായി ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്തത്.
ഫ്രെഡറിക് പത്താമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും മൂത്ത പുത്രിയായ ഇസബെല്ല, ഹൈസ്കൂൾ ബിരുദധാരിയായി ആഴ്ചകൾ പിന്നിടുമ്പോഴാണ് ഗാർഡ് ഹുസ്സാർ റെജിമെന്റിൽ എത്തിച്ചേർന്നിരിക്കുന്നത്. രാജകുമാരിയുടെ ജ്യേഷ്ഠനായ ക്രൗൺ പ്രിൻസ് ക്രിസ്റ്റ്യനും ഇതേ ബാരക്കിൽ തന്നെയാണ് തന്റെ സൈനിക സേവനം പൂർത്തിയാക്കിയത്.
യാതൊരുവിധ വേതനവും കൈപ്പറ്റാതെ സേവനം അനുഷ്ഠിക്കാനാണ് രാജകുമാരിയുടെ തീരുമാനം. സാധാരണയായി ഈ സേവനത്തിൽ ഏർപ്പെടുന്നവർക്ക് പതിനൊന്നു മാസത്തെ പ്രതിമാസ ശമ്പളത്തോടൊപ്പം നികുതി രഹിത പ്രതിദിന അലവൻസും ലഭിക്കാറുണ്ട്.
രാജ്യം തങ്ങളുടെ സായുധ സേനയെ കൂടുതൽ ശക്തിപ്പെടുത്തി വരുന്ന ഘട്ടത്തിലാണ് രാജകുമാരിയുടെ ഈ സൈനിക പ്രവേശനം. 2024ലെ കണക്കുകൾ പ്രകാരം ഡെൻമാർക്കിൽ സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുകയും, സേവന കാലയളവ് നാല് മാസത്തിൽ നിന്ന് 11 മാസമായി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിലത്തെ കണക്കനുസരിച്ച് ഈ ആഴ്ച മാത്രം 1,600 യുവാക്കളാണ് രാജ്യത്ത് സൈനിക സേവനത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

