ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് കാലുകുത്തുന്ന നിമിഷം തന്നെ അറസ്റ്റു ചെയ്യപ്പെടുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ വ്യക്തമാക്കി.
സ്വന്തം ജീവനെ ഭയപ്പെടുന്നുണ്ടെങ്കിലും ഡിസംബറോടെ രാജ്യത്ത് തിരിച്ചെത്താൻ താൻ ദൃഢനിശ്ചയം ചെയ്തതായി ഹസീന വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ പ്രതികരണം. ‘ഞാൻ കൊല്ലപ്പെട്ടേക്കാം.
ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. എന്നെ ജയിലിലേക്ക് അയച്ചേക്കാം… എന്റെ വിധി എന്തായിരിക്കുമെന്ന് എനിക്ക് പൂർണ്ണമായി അറിയാം.
എന്നിരുന്നാലും, എന്റെ ആളുകൾ വിളിക്കുന്നതുകൊണ്ട് എനിക്ക് തിരികെ പോകണം’ – ഷെയ്ഖ് ഹസീന വാർത്താ ഏജൻസിയോട് പറഞ്ഞു. ‘എല്ലാ പ്രതിബന്ധങ്ങളെയും എല്ലാ ഗൂഢാലോചനകളെയും അതിജീവിച്ച്’ ബംഗ്ലാദേശിലേക്ക് തിരിച്ചെത്താൻ താൻ ദൃഢനിശ്ചയം ചെയ്തതായി ഇന്ത്യയിലുള്ള മുൻ പ്രധാനമന്ത്രി കഴിഞ്ഞ മാസം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.
അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയ്ക്ക് അറസ്റ്റിലാകുന്നതിന് മുൻപ് കോടതിയിൽ നേരിട്ട് കീഴടങ്ങാൻ പോലും അവസരം ലഭിച്ചെന്ന് വരില്ലെന്ന് എം.
അസദുസ്സമാൻ കൂട്ടിച്ചേർത്തു. തിരിച്ചുവരവിനുള്ള വഴി ഹസീനയ്ക്ക് എളുപ്പമായിരിക്കില്ല.
അവർക്ക് മടങ്ങിവരാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ‘നിയമം അതിന്റെ വഴിക്ക് പോകുമെന്നും നിയമം തന്നിൽ നിക്ഷിപ്തമാക്കിയ അധികാരം നടപ്പിലാക്കുമെന്നും’ പറഞ്ഞു. 2024 ൽ യുവജന പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടർന്ന് അധികാരത്തിൽ വന്ന ഇടക്കാല സർക്കാർ നിരോധിച്ച അവാമി ലീഗിന്റെ നേതാവായ ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ഹസീനയ്ക്ക് എങ്ങനെ തിരികെ വരാൻ കഴിയുമെന്ന ചോദ്യത്തിന് ‘അത് അവരുടെ പ്രശ്നമാണ്, എന്റേതല്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് സർക്കാർ അട്ടിമറിക്കപ്പെട്ടതോടെ ഷെയ്ഖ് ഹസീന 2024 മുതൽ ഇന്ത്യയിൽ പ്രവാസത്തിൽ കഴിയുകയാണ്.
വിദ്യാർഥി പ്രക്ഷോഭകരെ അടിച്ചമർത്താൻ ശ്രമിച്ചെന്ന കേസിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് രാജ്യാന്തര കുറ്റകൃത്യ ട്രിബ്യൂണൽ ഹസീനയുടെ അസാന്നിധ്യത്തിൽ അവർക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഈ വിധി ‘നിയമത്തിന്റെ മേലങ്കി അണിഞ്ഞ രാഷ്ട്രീയ പ്രതികാരമാണ്’ എന്നാണ് ഹസീന വിശേഷിപ്പിച്ചത്.
ഈ വർഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിൽ വരുകയും താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ രഹസ്യ കേന്ദ്രത്തിൽ കഴിയുന്ന ഹസീനയെ കൈമാറാൻ ബംഗ്ലാദേശ് സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് രാജ്യത്തേക്ക് മടങ്ങുമെന്ന് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

