കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായ ഷാനിച്ചൻ കരിനാട്ട് കഴിഞ്ഞ 30 വർഷമായി തുടരുന്ന നിസ്വാർത്ഥമായ സേവനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ ആദരം. O+ രക്തഗ്രൂപ്പിൽപ്പെട്ട
ഇദ്ദേഹം ഇതിനകം 50 തവണ രക്തദാനം നടത്തിയിട്ടുണ്ട്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ ഷാനിച്ചൻ നടത്തിയ രക്തദാനം നിർണ്ണായകമായിരുന്നു.
സാമൂഹിക-പൊതുപ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഷാനിച്ചൻ തന്റെ കുടുംബത്തെയും ഈ മഹത്തായ കർമ്മത്തിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്. 20 വയസ്സുള്ള മകൻ അമൽ ഇതിനകം രണ്ടുതവണ രക്തദാനം നടത്തിക്കഴിഞ്ഞു.
ഷാനിച്ചന്റെ സാമൂഹിക സേവനങ്ങൾക്ക് ഭാര്യ വത്സമ്മ പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. ഇന്ന് നടന്ന ചടങ്ങിൽ കോട്ടയം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഷാനിച്ചനെ പൊന്നാട
അണിയിച്ച് ആദരിച്ചു. നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ അഭിനന്ദിക്കാൻ ചടങ്ങിൽ പങ്കെടുത്തത്.
മറ്റ് ഡ്രൈവർമാരും ഇദ്ദേഹത്തെ മാതൃകയാക്കി സന്നദ്ധ രക്തദാന പ്രവർത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

