പ്രശസ്ത ബോളിവുഡ് താരം ടൈഗർ ഷ്റോഫ് വധശ്രമക്കേസിൽ നിർണായക വഴിത്തിരിവ്. നേപ്പാളിലേക്ക് ഒളിത്താവളം മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.
രാജസ്ഥാനിലെ കോട്ടയിൽ നിന്നും ട്രെയിൽ മാർഗ്ഗം ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മൂന്ന് പ്രതികളെയും പൊലീസ് സംഘം വളഞ്ഞുപിടികൂടുകയായിരുന്നു. പിടിയിലായവരിൽ ഒരു റാപ്പിഡോ ഡ്രൈവറും പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പ്രമുഖ നടനെ വെടിവെച്ചു വീഴ്ത്തുന്നതിനായി പ്രതികൾക്ക് മുൻകൂർ തുകയായി 50,000 രൂപ ലഭിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിലവിൽ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്.
ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും കാറിൽ മടങ്ങുകയായിരുന്ന നടന് നേരെ മോട്ടോർ സൈക്കിളിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ നടൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കാറിന്റെ ഡ്രൈവറും ഒരു ഓട്ടോറിക്ഷ ഡ്രൈവറും പരുക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനം അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
പ്രതികളെ പിടികൂടാനായി മുംബൈ പൊലീസ് 15 പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ട്രെയിലുകൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിത പരിശോധനയ്ക്കൊടുവിൽ, പുണെ-ജയ്പുർ എക്സ്പ്രസിൽ പ്രതികൾ ഉണ്ടെന്ന വിവരം ഇന്ന് രാവിലെ 9.45 ഓടെ അന്വേഷണ സംഘത്തിന് ലഭിക്കുകയായിരുന്നു.
ഉടൻ തന്നെ രാജസ്ഥാൻ പൊലീസിന് വിവരം കൈമാറുകയും അവരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിൽ ഡൽഹി ലക്ഷ്യമാക്കി യാത്ര ചെയ്ത പ്രതികൾ അവിടെ നിന്നും നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ഇതിനിടയിലാണ് നിയമത്തിന്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ അധോലോക ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് സംഘാംഗങ്ങളായ അനിൽ പണ്ഡിറ്റും ഹർമൽ സന്ധുവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.
നടൻ സൽമാൻ ഖാനുമായി ടൈഗർ ഷ്റോഫ് അടുപ്പം പുലർത്തുന്നതും സഹകരിക്കുന്നതുമാണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൽമാൻ ഖാന് നേരെ മുൻപും ബിഷ്ണോയ് സംഘം വധഭീഷണി മുഴക്കിയിട്ടുള്ളതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

