കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ടയർ-2 നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റം വർധിച്ചതായി റിപ്പോർട്ട്. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും സമാനമായ പ്രവണത ദൃശ്യമാണ്.
ക്രിസിൽ ഇന്റലിജൻസിന്റെ (Crisil Intelligence) കണക്കുകൾ പ്രകാരം രാജ്യത്തെ ഭവന ആവശ്യകതയിൽ 14 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വീടുകളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
പ്രധാന കണ്ടെത്തലുകൾ വിപണിയിലെ പുതിയ ട്രെൻഡുകൾ പരിശോധിക്കുമ്പോൾ പ്രീമിയം വീടുകളോടാണ് ഉപഭോക്താക്കൾക്ക് കൂടുതൽ താൽപ്പര്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിപണിയിലെത്തിയ പുതിയ ഭവനങ്ങളിൽ 75 ശതമാനത്തിലധികവും 2 BHK, 3 BHK വിഭാഗങ്ങളിൽ പെടുന്നവയാണ്.
വലിയ വീടുകൾക്കായുള്ള ഡിമാൻഡ് കാരണം ഭുവനേശ്വർ, ഇൻഡോർ, ലഖ്നൗ തുടങ്ങിയ നഗരങ്ങളിൽ ശരാശരി വീടിന്റെ വില ഒരു കോടി രൂപ കടന്നു. കൂടാതെ, ഇൻഡോർ, ലഖ്നൗ, സൂററ്റ് എന്നീ നഗരങ്ങളിൽ ലഭ്യമായ ഭവനങ്ങളിൽ 20 ശതമാനത്തിലധികവും രണ്ട് കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.
ഐടി മേഖലയുടെ വളർച്ചയും വ്യവസായ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർധനവുമാണ് ഈ പ്രവണതയ്ക്ക് പിന്നിൽ. ഭുവനേശ്വർ, കോയമ്പത്തൂർ, ലഖ്നൗ എന്നീ നഗരങ്ങളിലെ ചതുരശ്ര അടിക്ക് ശരാശരി 10,000 രൂപ എന്ന നിരക്ക് ടയർ-1 നഗരങ്ങൾക്ക് സമാനമായി മാറിക്കഴിഞ്ഞു.
ഭവന വായ്പകളിലെ മാറ്റങ്ങൾ 2020-നും 2025-നും ഇടയിൽ റീട്ടെയിൽ ഹോം ലോൺ വിതരണത്തിൽ 15 ശതമാനത്തിലധികം വർധനവുണ്ടായി. ഇതിൽ ഇൻഡോർ, നാഗ്പൂർ, ജയ്പൂർ തുടങ്ങിയ നഗരങ്ങളാണ് മുൻപന്തിയിൽ നിൽക്കുന്നത്.
സൂററ്റ്, വഡോദര, ഭുവനേശ്വർ, നാസിക് എന്നീ നഗരങ്ങളിലെ ഉപഭോക്താക്കൾ പുതിയ അപ്പാർട്ടുമെന്റുകൾ വാങ്ങുന്നതിനാണ് വായ്പകൾ പ്രധാനമായും ആശ്രയിക്കുന്നത്. അതേസമയം, ഇൻഡോർ, കോയമ്പത്തൂർ, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ സ്വന്തമായി വീട് നിർമ്മിക്കുന്നതിനും, നവീകരണത്തിനുമായി വായ്പകൾ വിനിയോഗിക്കുന്ന പ്രവണതയാണുള്ളത്.
നിക്ഷേപകർ ശ്രദ്ധിക്കാൻ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ വിലക്കയറ്റം, പ്രീമിയം വീടുകളുടെ വിറ്റഴിക്കൽ നിരക്ക്, ഡെവലപ്പർമാരുടെ സാമ്പത്തിക ഭദ്രത എന്നിവ കൃത്യമായി പരിശോധിക്കണമെന്ന് ക്രിസിൽ നിർദ്ദേശിക്കുന്നു. സ്വന്തം സാമ്പത്തിക സ്ഥിതിക്കും ബഡ്ജറ്റിനും അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

