കാക്കനാട് മേഖലയിലെ പ്രധാന പാതകളിൽ രൂപമാറ്റം വരുത്തിയ ബൈക്കുകളുടെ അമിത ശബ്ദവും അഭ്യാസപ്രകടനങ്ങളും പൊതുജനങ്ങൾക്ക് വലിയ ഭീഷണിയായി മാറുന്നു. ഇൻഫോപാർക്ക് റോഡ്, സീപോർട്ട് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലാണ് ഇത്തരം നിയമലംഘനങ്ങൾ വ്യാപകമായിരിക്കുന്നത്.
ടെക്കികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വാഹനങ്ങളുടെ സൈലൻസർ, ഹാൻഡിൽ, മഡ്ഗാർഡ്, ലൈറ്റുകൾ എന്നിവയിൽ മാറ്റം വരുത്തി ശബ്ദമലിനീകരണവും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു. പ്രത്യേക തരം സ്റ്റിക്കറുകളും ലൈറ്റുകളും ഉപയോഗിച്ച് അലങ്കരിച്ച ബൈക്കുകൾ രാത്രികാലങ്ങളിൽ അമിത വേഗതയിൽ പായുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
സാധാരണ ബൈക്കുകൾക്ക് പുറമേ സൂപ്പർ ബൈക്കുകളും ഇത്തരം നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. ഓട്ടോമോട്ടീവ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പുറത്തിറങ്ങുന്ന വാഹനങ്ങളിൽ ഒരു മാറ്റവും വരുത്തരുത് എന്ന നിയമം നിലനിൽക്കെയാണ് ഇത്തരം കൃത്യങ്ങൾ തുടരുന്നത്.
രണ്ട് വർഷം മുൻപ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കർശന നടപടികൾ സ്വീകരിച്ചിരുന്നു. അന്ന് നിരവധി വാഹന ഉടമകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, പരിശോധനകൾ മന്ദഗതിയിലായതോടെ ഇത്തരം ബൈക്കുകൾ വീണ്ടും നിരത്തുകളിൽ സജീവമായിരിക്കുകയാണ്. അവധി ദിവസങ്ങളിൽ ഇൻഫോപാർക്ക് റോഡ്, ബ്രഹ്മപുരം റോഡ് എന്നിവിടങ്ങളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വാഹനങ്ങളുടെ രൂപമാറ്റത്തിന് ആവശ്യമായ അനധികൃത സാമഗ്രികൾ സ്പെയർ പാർട്സ് കടകളിൽ സുലഭമായി ലഭിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഷോപ്പ് ആക്ടിന്റെ പരിധിയിൽ വരുന്ന കടകളിൽ പരിശോധന നടത്തുന്നതിന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിമിതികളുണ്ട്.
അനധികൃത പാർട്സുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിലവിൽ കാര്യമായ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

